ഐ നോ സംതിങ്, യു നോ നത്തിങ്; സാധാരണക്കാരിയായ ഗ്രേസി സുമാനയിലെ ക്ലാസിലെത്തിയതെന്തുകൊണ്ട്
Film News
ഐ നോ സംതിങ്, യു നോ നത്തിങ്; സാധാരണക്കാരിയായ ഗ്രേസി സുമാനയിലെ ക്ലാസിലെത്തിയതെന്തുകൊണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th November 2022, 11:51 pm

Spoiler Alert
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍വുമണ്‍ സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഗര്‍ഭകാലത്തിന്റെ അവസാനകാലത്തെ പറ്റിയുള്ള ക്ലാസിന് എത്തുന്ന ഏതാനും ഗര്‍ഭിണികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

പല ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്ന ഏഴ് ഗര്‍ഭിണികളെ പറ്റിയാണ് ചിത്രം പറയുന്നത്. നന്ദിത നടത്തുന്ന സുമാനയിലാണ് ഗര്‍ഭകാലത്തെ ക്ലാസ് കേള്‍ക്കാന്‍ അവര്‍ വരുന്നത്.

ഈ ഏഴ് ഗര്‍ഭിണികളില്‍ ഒരാളാണ് ഗ്രേസി. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബമാണ് അവള്‍ക്കുള്ളത്. സുമാനയിലെ ജോലിക്കാരി ആയതുകൊണ്ട് മാത്രമാണ് ഗ്രേസിക്ക് ഈ ക്ലാസ് ലഭിക്കുന്നത്. ഇല്ലെങ്കില്‍ ഇത്തരമൊരു ചുറ്റുപാടില്‍ നിന്നും വരുന്ന ഗ്രേസി സുമാനയിലെ ക്ലാസിലിരിക്കാന്‍ ഒരു വഴിയുമില്ല.

ഗ്രേസിയുടെ ബാക്ക് സ്‌റ്റോറിയിലെ ഭര്‍ത്താവ് കണ്ണന്‍ പ്രാരാബ്ധങ്ങള്‍ക്കിടയിലും കൂളായി പോകുന്ന വ്യക്തിയാണ്.

സുമാനയിലെ ഇംഗ്ലീഷ് ക്ലാസിന് പോയാല്‍ നിനക്ക് വല്ലതും മനസിലാകുമോ എന്ന് ഇയാള്‍ ഭാര്യയോട് ചോദിക്കുന്ന രംഗമുണ്ട്. ഇതിന് മറുപടിയായി ഐ നോ സംതിങ്, യു നോ നത്തിങ് എന്ന് ഗ്രേസി പറയുന്നത് വളരെ രസകരമായിരുന്നു. സുമാനയിലെ ക്ലാസ് ഗ്രേസി ഏറെ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതുമാണ്. അവിടുത്തെ ജോലിക്കാരിയായത് അവര്‍ക്ക് ഗുണം ചെയ്തു.

തന്റെ കുട്ടി നല്ല നിലയിലാകണമെന്ന് ആഗ്രഹിക്കുന്ന ഗ്രേസി മകളെ വലിയ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴും കണ്ണന് സാധാരണ സ്‌കൂളില്‍ പഠിപ്പിക്കണമെന്നേയുള്ളൂ. രണ്ടാമത്തെ കുട്ടി കൂടി വരുമ്പോഴുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഗ്രേസി ആധി പിടിക്കുമ്പോഴും അതും കൂളായി നേരിടാമെന്നതാണ് കണ്ണന്റെ ആറ്റിറ്റിയൂഡ്.

ഗ്രേസിയെ അര്‍ച്ചന പത്മിനി അവതരിപ്പിച്ചപ്പോള്‍ കണ്ണനായി എത്തിയത് അജയന്‍ ആടാട്ടായിരുന്നു. ഇരുവരുടെയും പ്രകടനവും ഒപ്പം കെമസ്ട്രിയും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു.

Content Highlight: write up about gracy in wonder women