വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യൂ.പി.എല്‍) കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്‌സ് വിജയിച്ചിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ നാല് റണ്‍സിന് ഗുജറാത്തിന്റെ വിജയം. ഓസ്ട്രേലിയന്‍ താരം സോഫി ഡിവൈനിന്റെ ഉജ്ജ്വല ബാറ്റിങ് കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ദല്‍ഹിയുടെ ബൗളര്‍മാരെയെല്ലാം സോഫി ഗ്രൗണ്ടിന്റെ നാല് ദിക്കിലേക്കും അടിച്ച് ഒതുക്കിയിരുന്നു. അതില്‍ താരത്തിന്റെ ബാറ്റിങ് ചൂട് ശരിക്കും അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ സ്‌നേഹ് റാണയാണ്. മത്സരത്തില്‍ ആറാം ഓവര്‍ എറിയാനെത്തിയ സ്‌നേഹ് വഴങ്ങിയത് 32 റണ്‍സാണ്.
സ്‌നേഹ് റാണ. Photo: Sneh Rana/x.com
റാണയുടെ ആദ്യ രണ്ട് പന്തില്‍ ഫോര്‍ അടിച്ചാണ് സോഫി തുടങ്ങിയത്. പിന്നീടുള്ള നാല് പന്തുകളില്‍ താരം തുടര്‍ച്ചയായി സിക്സര്‍ അടിക്കുകയും ചെയ്തു. അതോടെ ഒരു മോശം റെക്കോഡും റാണ തന്റെ പേരിലാക്കി.
ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം എന്ന ആരും ആഗ്രഹിക്കാത്ത റെക്കോഡാണ് റാണ നേടിയത്. 2025ല്‍ ദീപ്തി ശര്‍മ കുറിച്ച മോശം റെക്കോഡ് ഇതോടെ പഴങ്കഥയായി.
മത്സരത്തില്‍ ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ച വെച്ച സോഫി 42 പന്തില്‍ 95 റണ്‍സാണ് ചേര്‍ത്തത്. ഒപ്പം 26 പന്തില്‍ 49 റണ്‍സുമായി ആഷ്ലി ഗാര്‍ഡന്റും കൂട്ടുനിന്നു. അതോടെ ടീം 209 റണ്‍സ് ഉയര്‍ത്തി.