വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മികച്ച സ്‌കോറുയര്‍ത്തി ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റിന് 195 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും നാറ്റ് സിവര്‍ ബ്രണ്ടിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. വെറും റണ്‍സ് എടുത്തപ്പോഴേക്കും ടീമിന് ഓപ്പണര്‍ അമേലിയ കെറിനെ നഷ്ടമായിരുന്നു. എന്നാല്‍ വിക്കറ്റു വീണിട്ടും ഒട്ടും പതറാതെ മുംബൈ ബാറ്റ് ചെയ്തു.
നാറ്റ് സിവര്‍ ബ്രണ്ട്. Photo: Women’s Premier League (WPL)/x.com
ജി. കമാലിനി – നാറ്റ് സിവര്‍ ബ്രണ്ട് സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറില്‍ കമാലിനി 19 പന്തില്‍ 16 റണ്‍സുമായി തിരികെ നടന്നു. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
സിവര്‍ ബ്രണ്ടും ഹര്‍മനും ചേര്‍ന്ന് 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ഫിഫ്റ്റി നേടിയ സിവര്‍ ബ്രണ്ട് മടങ്ങി. 46 പന്തില്‍ 70 റണ്‍സുമായാണ് താരം തിരികെ നടന്നത്.
മൂന്നാം വിക്കറ്റ് വീണതോടെ ഹര്‍മനൊപ്പം നിക്കോള കാരി ക്രീസിലെത്തി. ഇരുവരും മികച്ച ബാറ്റിങ്ങുമായി മുംബൈയെ മുന്നോട്ട് കൊണ്ടുപോയി. അതിനിടയില്‍ ഹര്‍മന്‍പ്രീത് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 34 പന്തിലായിരുന്നു താരം 50 റണ്‍സിലെത്തിയത്.
ആദ്യ ഇന്നിങ്സ് അവസാനിക്കാന്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ കാരി 12 പന്തില്‍ 21 റണ്‍സുമായി കൂടാരം കയറി. പിന്നാലെ മലയാളി താരം സജ്ന സജീവന്‍ ബാറ്റിങ്ങിന് എത്തി.
ഹര്‍മനും സജ്‌നയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് 25 റണ്‍സ് ചേര്‍ത്തു. അങ്ങനെ മുംബൈ സ്‌കോര്‍ 195ലെത്തി. ഹര്‍മന്‍ 42 പന്തില്‍ 74 റണ്‍സും സജ്‌ന രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു.