താണ്ഡവമാടി മുംബൈ വനിതകള്‍; ജെമീമയുടെ ദല്‍ഹിയെ തകര്‍ത്ത് തകര്‍പ്പന്‍ വിജയം
WPL
താണ്ഡവമാടി മുംബൈ വനിതകള്‍; ജെമീമയുടെ ദല്‍ഹിയെ തകര്‍ത്ത് തകര്‍പ്പന്‍ വിജയം
ഫസീഹ പി.സി.
Saturday, 10th January 2026, 11:03 pm

വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 50 റണ്‍സിന്റെ വിജയം ഡിഫെഡനിങ് ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഹര്‍മന്‍പ്രീത് കൗര്‍ – നാറ്റ് സിവര്‍ ബ്രണ്ട് എന്നിവരുടെ ബാറ്റിങ്ങും അമേലിയ കെറിന്റെ മികച്ച ബൗളിങ്ങുമാണ് ടീമിന് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയം ലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി 145 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്. അതോടെ മുംബൈ ഈ സീസണിലെ ആദ്യ പോയിന്റ് നേടി.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയായിരുന്നു ദല്‍ഹിയുടെ തുടക്കം. നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് ഓവറുകള്‍ക്ക് അപ്പുറം രണ്ട് വിക്കറ്റുകള്‍ കൂടി വീണു.

അതോടെ ക്യാപിറ്റല്‍സ് മൂന്നിന് 33 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നാലെ ക്യാപ്റ്റന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസ് ക്രീസിലെത്തി. എന്നാല്‍, മൂന്ന് പന്ത് നേരിട്ട താരം ഒരു റണ്‍സുമായി 33ല്‍ തന്നെ കൂടാരം കയറി.

ഏറെ വൈകാതെ ടീമിന്റെ അഞ്ചാം വിക്കറ്റും നഷ്ടമായി. അതോടെ ചിനെല്ലേ ഹെന്റി ബാറ്റിങ്ങിന് എത്തി. താരം ടീമിനെ രക്ഷിക്കാന്‍ നിക്കി പ്രസാദുമായും സ്‌നേഹ് റാണയുമായും കൂട്ടുകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍, നിക്കിയുമായി 40 റണ്‍സും സ്‌നേഹുമായി 22 റണ്‍സും മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. ഇവര്‍ രണ്ട് പേരും പുറത്തപ്പോഴും ക്രീസില്‍ പിടിച്ച നിന്ന ഹെന്റി പക്ഷെ അമേലിയ കെറിന് മുന്നില്‍ വീണു.

18ാം ഓവറില്‍ 33 പന്തില്‍ 56 റണ്‍സുമായായിരുന്നു ഹെന്റിയുടെ മടക്കം. ആ ഓവറിലെ അവസാന പന്തില്‍ മലയാളി താരം മിന്നുമണിയും പുറത്തായി.

പിന്നാലെ നല്ലപുരേഡ്ഡി ചരണി മൂന്ന് ഫോറടിച്ച് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. പക്ഷേ, 19ാം ഓവറിലെ അവസാന പന്തില്‍ ക്രീസിലുണ്ടായിരുന്ന നന്ദിനി ശര്‍മ്മ പുറത്തായതോടെ ദല്‍ഹിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. അതോടെ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.

മുംബൈക്കായി അമേലിയ കെറും നിക്കോള കാരിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം സിവര്‍ ബ്രണ്ട് രണ്ട് വിക്കറ്റും ശബ്‌നം ഇസ്മായില്‍, സംസ്‌കൃതി ഗുപ്ത എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റിന് 195 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും നാറ്റ് സിവര്‍ ബ്രണ്ടിന്റെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് 42 പന്തില്‍ പുറത്താവാതെ 74 റണ്‍സെടുത്തു.

ഹർമൻപ്രീത് കൗറും നാറ്റ് സിവർ ബ്രണ്ടും. Photo: Women’s Premier League (WPL)/x.com

സിവര്‍ ബ്രണ്ടാവട്ടെ 46 പന്തില്‍ 70 റണ്‍സുമായാണ് തിരികെ നടന്നത്. ഇവര്‍ക്കൊപ്പം നിക്കോള കാരി 12 പന്തില്‍ 21 റണ്‍സും സംഭാവന ചെയ്തു.

ദല്‍ഹിക്കായി നന്ദിനി ശര്‍മ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ചിനെല്ലെ ഹെന്റി, നല്ലപുരേഡ്ഡി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

Content Highlight: WPL: Mumbai Indians defeated Delhi Capitals in Women Premier League

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി