രക്ഷകരായി സജ്‌നയും നിക്കോളയും; മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
WPL
രക്ഷകരായി സജ്‌നയും നിക്കോളയും; മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
ഫസീഹ പി.സി.
Friday, 9th January 2026, 9:35 pm

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 154 റണ്‍സെടുത്തിട്ടുണ്ട്. തുടക്കത്തില്‍ പതറിയ മുംബൈയെ മലയാളി താരം സജ്‌ന സജീവന്‍ – നിക്കോള കാരിയുടെ സഖ്യമാണ് കരകയറ്റിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് സ്‌കോര്‍ ബോര്‍ഡിലേക്ക് 35 റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നാലെ ഒത്തുചേര്‍ന്ന ജി. കമാലിനി – ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം 28 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.

ജി. കമാലിനി. Photo: Mumbai Indians/x.com

പിന്നാലെ 28 പന്തില്‍ 32 റണ്‍സുമായി കമാലിനി മടങ്ങി. ഏറെ വൈകാതെ ക്യാപ്റ്റന്‍ ഹര്‍മാനും തിരികെ നടന്നു. 17 പന്തില്‍ 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതോടെയാണ് സജ്‌നയും നിക്കോള കാരിയും ഒരുമിച്ചത്.

ഇരുവരും ചേര്‍ന്നാണ് മുംബൈയെ 100 കടത്തിയത്. 25 പന്തില്‍ 45 റണ്‍സുമായി സജ്ന മടങ്ങിയതോടെയാണ് ഈ ജോഡി പിരിഞ്ഞത്. 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

സജ്‌ന സജീവന്‍.Photo: Mumbai Indians/x.com

ഏറെ വൈകാതെ നിക്കോളയും തിരികെ നടന്നു. 29 പന്തില്‍ 40 റണ്‍സുമായാണ് താരത്തിന്റെ മടക്കം. 154 റണ്‍സിലായിരുന്നു നിക്കോള കൂടാരം കയറിയത്. പിന്നീട് ക്രീസിലെത്തിയ അമന്‍ ജോത് കൗറിനും പൂനം ഖേംനാറിനും അതിലേക്ക് റണ്‍സ് പോലും ചേര്‍ക്കാന്‍ സാധിച്ചില്ല. അതോടെ അതേ സ്‌കോറില്‍ തന്നെ മുംബൈ തങ്ങളുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ബെംഗളൂരുവിനായി നാദിന്‍ ഡി ക്ലാര്‍ക്കാണ് മികച്ച പ്രകടനം നടത്തിയത്. താരം നാല് വിക്കറ്റുകളാണ് പിഴുതത്. ഒപ്പം ലൗറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: WPL: Mumbai Indians set a target of 155 runs against Royal Challengers Bengaluru in Women Premier League

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി