വെടിക്കെട്ടുമായി ഗാര്‍ഡ്‌നര്‍; ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍
WPL
വെടിക്കെട്ടുമായി ഗാര്‍ഡ്‌നര്‍; ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍
ഫസീഹ പി.സി.
Saturday, 10th January 2026, 4:52 pm

വനിതാ പ്രീമിയര്‍ ലീഗില്‍ യു.പി. വാരിയേഴ്‌സിന് എതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഗുജറാത്ത് ജയന്റ്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജയന്റ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡനറുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോറിലെത്തിയത്.

മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് എത്തിയ ബേത്ത് മൂണി – സോഫി ഡിവൈന്‍ സഖ്യം 41 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 12 പന്തില്‍ 13 റണ്‍സുമായി മൂണിയാണ് ആദ്യം തിരികെ നടന്നത്.

ഏറെ വൈകാതെ സോഫിയും മടങ്ങി. 20 പന്തില്‍ 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെയാണ് അനുഷ്‌ക ബ്രിജ്മോഹന്‍ ശര്‍മ – ആഷ്ലി ഗാര്‍ഡ്‌നര്‍ ജോഡി ഒന്നിച്ചത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി. 103 റണ്‍സാണ് ഈ സഖ്യം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

30 പന്തില്‍ 44 റണ്‍സുമായി അനുഷ്‌ക തിരികെ നടക്കുകയായിരുന്നു. പക്ഷേ അപ്പോഴും ഗാര്‍ഡ്‌നര്‍ ക്രീസില്‍ പിടിച്ച് നിന്നു. താരം അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 41 പന്തില്‍ 65 റണ്‍സ് നേടിയാണ് താരത്തിന്റെ മടക്കം.

പിന്നീട് ക്രീസിലെത്തിയ ജോര്‍ജിയ വെയര്‍ഹാമും ഭാരതി ഫുല്‍മാലിയും ചേര്‍ന്നാണ് ടീം സ്‌കോര്‍ 200 കടത്തിയത്. ജോര്‍ജിയ 10 പന്തില്‍ 27 റണ്‍സും ഫുല്‍മാലി ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

യു.പി വാരിയേഴ്‌സിനായി സോഫി എക്ലെസ്റ്റോണ്‍ രണ്ട വിക്കറ്റ് വീഴ്ത്തി. ഒപ്പം ശിഖ പാണ്ഡെയും ഡീന്‍ഡ്ര ഡോട്ടിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Content Highlight: WPL: Gujarat Giants set a target of 207 against UP Warriorz with Ashleigh Gardner’s fifty

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി