വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) മിന്നും പ്രകടനവുമായി ദല്‍ഹി ക്യാപിറ്റല്‍സ് താരം നന്ദിനി ശര്‍മ. ഇന്ന് ടൂര്‍ണമെന്റില്‍ നടക്കുന്ന മത്സരത്തില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍.സി.ബി) എതിരെ താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. അതോടെ ഈ സീസണില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും താരത്തിന് വിക്കറ്റ് സ്വന്തമാക്കാനായി.
ആര്‍.സി.ബിക്കെതിരെ നാല് ഓവര്‍ എറിഞ്ഞ് വെറും 26 റണ്‍സ് വിട്ടുകൊടുത്താണ് നന്ദിനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ പ്രകടനത്തോടെ താരം ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. 13 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍ നേടിയത്. ഡബ്ല്യു.പി.എല്ലിലെ തന്റെ അരങ്ങേറ്റ സീസണിലാണ് താരത്തിന്റെ ഈ പ്രകടനം എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം.
Photo: Preksha/x.com
ഡബ്ല്യു.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് നന്ദിനി ആദ്യമായി കളത്തില്‍ ഇറങ്ങിയത്. ആ മത്സരത്തില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായാണ് തിരികെ കയറിയത്. പിന്നാലെ അടുത്ത മത്സരങ്ങളിലും താരം തന്റെ മികവ് തുടര്‍ന്നു.
ഗുജറാത്ത് ജയന്റസിനെതിരെ ഇറങ്ങിയപ്പോള്‍ അഞ്ച് വിക്കറ്റുകളാണ് നന്ദിനി കീശയിലാക്കിയത്. പിന്നീട് മത്സരങ്ങളില്‍ യു.പി വോറിയേഴ്സ്, ആര്‍.സി.ബി, ഒരിക്കല്‍ കൂടി മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് എതിരെയും താരം പന്തെറിഞ്ഞു. ഈ മത്സരങ്ങളിലെല്ലാം ഓരോ വിക്കറ്റുകളും 24കാരി സ്വന്തമാക്കി. ഇപ്പോള്‍ വീണ്ടും ആര്‍.സി.ബിയെ നേരിട്ടപ്പോള്‍ മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കിയിരിക്കുകയാണ്.
അതേസമയം, നന്ദിനിയടക്കമുള്ള ബൗളര്‍മാരുടെ മികവില്‍ ദല്‍ഹി 109 റണ്‍സിന് ആര്‍.സി.ബിയെ പുറത്താക്കി. മാരിസന്‍ കാപ്പ്, ഷിനല്ലെ ഹെന്റി, മിന്നുമണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നല്ലപുരേഡ്ഡി ചരണി ഒരു വിക്കറ്റും സ്വന്തമാക്കി.
ആര്‍.സി.ബിക്കായി സ്മൃതി മന്ഥാന 34 പന്തില്‍ 38 റണ്‍സ് നേടി. ഒപ്പം 17 പന്തില്‍ 18 റണ്‍സുമായി രാധ യാദവും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. മറ്റാര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.