വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യു.പി വാരിയേഴ്‌സ്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് യു.പി വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ യു.പി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനാണ് ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 11 പന്ത് അവശേഷിക്കെ 162 റണ്‍സ് നേടിയാണ് യു.പി വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ഹര്‍ളീന്‍ ഡിയോളിന്റെ ബാറ്റിങ് കരുത്തിലാണ് യു.പി വിജയം സ്വന്തമാക്കിയത്. പുറത്താകാതെ 39 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 64* റണ്‍സാണ് താരം അടിച്ചത്. 164.10 എന്ന സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ടായിരുന്നു.

ക്ലോ ട്രയോണ്‍ 11 പന്തില്‍ 27* റണ്‍സും നേടി ഹര്‍മന് മികച്ച പിന്തുണ നല്‍കി. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്. മുംബൈക്ക് വേണ്ടി നാറ്റ് സ്‌കൈവര്‍ ബ്രണ്ട് രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി. അമേലിയ ഒരു വിക്കറ്റും നേടിയിരുന്നു.

അതേസമയം മുംബൈക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയതും നാറ്റ് സ്‌കൈവര്‍ ബ്രണ്ടാണ്. 43 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 65 റണ്‍സാണ് താരം അടിച്ചെടുത്തത്. 151.16 എന്ന് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

അതേസമയം യു.പിക്ക് വേണ്ടി ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, സോഫി, ആശാ ശോഭന ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.പി വാരിയേഴ്‌സ് 15 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് നേടിയത്.

Content Highlight: WPL 2026: U.P Warriorz Won Against Mumbai Indians