വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ദല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ജയന്റ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇതോടെ പ്ലേഓഫ് റേസില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്താനും ടീമിന് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒമ്പത് വിക്കറ്റിന് 174 റണ്‍സെടുത്തിരുന്നു. പിന്തുടര്‍ന്ന ദല്‍ഹിക്ക് 171 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ദല്‍ഹിയെ മൂന്ന് റണ്‍സ് അകലെ വീഴ്ത്തുന്നതില്‍ നിര്‍ണായകമായത് ഓള്‍ റൗണ്ടര്‍ സോഫി ഡിവൈനിന്റെ പ്രകടനമാണ്.
അവസാന ഓവറില്‍ ദല്‍ഹിക്ക് വിജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞതാകട്ടെ ഡിവൈനും. 20ാ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി അഞ്ച് റണ്‍സാണ് താരം വിട്ടുനല്‍കിയത്. ഇതാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
സോഫി ഡിവൈൻ. Photo: Tanuj/x.com
ഇത് ആദ്യമായല്ല, ഡിവൈന്‍ ഗുജറാത്തിനെ അവസാന ഓവറില്‍ ജയിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ദല്‍ഹിയെ നേരിട്ടപ്പോഴും ചെറിയ റണ്‍സ് ഡിഫന്‍ഡ് ചെയ്ത് അവസാന ഓവറില്‍ താരം ടീമിന് വിജയം നേടികൊടുത്തിരുന്നു.
ജനുവരി 11ന് നടന്ന മത്സരത്തിലെ അവസാന ഓവറില്‍ ഗുജറാത്തിന് എതിരെ ജയിക്കാന്‍ ദല്‍ഹിക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അന്നും പന്തെറിഞ്ഞ ഡിവൈന്‍ റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്കി. രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം അന്ന് ആ ഓവറും മത്സരവും അവസാനിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഡിവൈന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒപ്പം പത്ത് പന്തില്‍ 13 റണ്‍സും നേടി. താരത്തിനൊപ്പം രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഷ്ലി ഗാര്‍ഡ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.