ഫ്ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി; വിജയത്തിന് പുറമെ ദല്‍ഹി താരത്തിന് തിരിച്ചടി!
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 155 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ദല്‍ഹി ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി.
മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദല്‍ഹി സൂപ്പര്‍ ബാറ്റര്‍ ലിസെല്ലി ലീക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍ന്റും ലഭിച്ചിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമുള്ള ലെവല്‍ 1 കുറ്റകൃത്യം താരം സമ്മതിച്ചിട്ടുണ്ട്.
ക്യാപിറ്റല്‍സിന്റെ ബാറ്റിങ്ങില്‍ 11ാം ഓവറിലാണ് സംഭവം നടന്നത്. അമന്‍ജോത് കൗര്‍ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലീയുടെ ബാലന്‍സ് തെറ്റിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റാഹില ഫിര്‍ദൗസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
സ്റ്റമ്പ് ക്യാമറ ഉള്‍പ്പെടെ നിരവധി ആംഗിളുകള്‍ പരിശോധിച്ച ശേഷം, ബെയില്‍സ് തെറിക്കുന്ന സമയത്ത് ലീയുടെ ബാറ്റ് വായുവിലാണെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചു. പുറത്തുപോകുമ്പോള്‍ തന്റെ അതൃപ്തി പ്രകടമായി പ്രകടിപ്പിക്കുകയും അമ്പയറുടെ തീരുമാനത്തില്‍ വിമര്‍ശിക്കുകയും ചെയ്തു. 28 പന്തില്‍ നിന്ന് 46 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കെയായിരുന്നു താരത്തിന്റെ സ്റ്റംപ്ഡ്.
ദല്‍ഹിക്കെതിരെ ആദ്യം ചെയ്ത മുംബൈക്കായി നാറ്റ് സ്‌കൈവര്‍ ബ്രണ്ടും ഹര്‍മന്‍ പ്രീത് കൗറും തിളങ്ങി. സിവര്‍ ബ്രണ്ട് 45 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ കൗര്‍ 33 പന്തില്‍ 41 റണ്‍സും സ്‌കോര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്. ജെമീമ 37 പന്തില്‍ പുറത്താവാതെ 51 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം ലീസല്ലെ ലീ (28 പന്തില്‍ 46), ഷെഫാലി വര്‍മ (24 പന്തില്‍ 29 ) എന്നിവര്‍ സംഭാവന ചെയ്തു.
Content Highlight: WPL 2026: Delhi Super Batsman Liselle Lee fined 10% of match fee and one demerit point for code of conduct violation