വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 155 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ദല്‍ഹി ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി.
എന്നാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തിയ ഒരു അരങ്ങേറ്റവും മത്സരത്തില്‍ നടന്നിരുന്നു. ദല്‍ഹി താരം ദീയ യാദവിന്റേതായിരുന്നു ഈ അരങ്ങേറ്റം. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ദീയ അരങ്ങേറ്റം കുറിച്ചത്.
16 വയസും 103 ദിവസവുമാണ് താരത്തിന്റെ പ്രായം. ഗുരുഗ്രാമില്‍ നിന്നുള്ള ദീയ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. 10 ലക്ഷം രൂപയ്ക്കാണ് ദീയയെ ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. എന്നിരുന്നാലും മുംബൈക്കെതിരായ തന്റെ ആദ്യ മത്സരത്തില്‍ ദീയയ്ക്ക് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.
ദല്‍ഹി ആറാം നമ്പര്‍ സ്ഥാനമാണ് താരത്തിന് കരുതിവെച്ചത്. ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായ ദീയയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഐ.പി.എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെക്കുറിച്ചും പറയാതിരിക്കാന്‍ കഴിയില്ല.
2025ല്‍ 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വൈഭവ് അരങ്ങേറ്റം നടത്തിയത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പരിക്ക് പറ്റിയതോടെ വൈഭവിന് വലിയ അവസരമാണ് ലഭിച്ചത്. പിന്നീട് ചരിത്ര സംഭവങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ അരങ്ങേറിയത്.
ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാമാകാനും വൈഭവിന് സാധിച്ചു. ശേഷം അഗ്രസീവ് ശൈലിയില്‍ കളിച്ച വൈഭവ് ഇന്ത്യയുടെ യൂത്ത് ടീമില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയിരിക്കുകയാണ്. വൈകാതെ താരത്തിന് സീനിയിര്‍ ടീമില്‍ ഇടം ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ വൈഭവിനെ പോലെ കരിയറിലുണ്ടായ ഉയര്‍ച്ച ദീയയ്ക്ക് ഉണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വൈഭവിനെപ്പോലെ ലഭിച്ച അവസരം സെഞ്ച്വറിയിലേക്ക് കണ്‍വേട്ട് ചെയ്യാന്‍ സാധിച്ചാല്‍ ദീയയ്ക്ക് മറ്റൊരു ചരിത്രം കൂടി തിരുത്താന്‍ സാധിക്കും. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന താരമാകാനാണ് താരത്തിന് സാധിക്കുക. മറ്റ് സീനിയര്‍ താരങ്ങള്‍ക്ക് പോലും ഇതുവരെ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.
Content Highlight: WPL 2026: Deeya Yadav In Great Record Achievement In WPL History