Daily News
ബംഗാളും ബീഹാറും പഞ്ചാബില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: എസ്.ഐ.ആറിനെതിരെ എ.എ.പി എം.പി
ചണ്ഡീഗഡ്: പഞ്ചാബില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധന (എസ്.ഐ.ആര്‍) നടപ്പാക്കുന്നതിനെതിരെ എ.എ.പി എം.പി മല്‍വീന്ദര്‍ സിങ് കാങ്. പഞ്ചാബില്‍ ബീഹാറും ബംഗാളും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിങ് പറഞ്ഞു.
അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പഞ്ചാബില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത്. എസ്.ഐ.ആര്‍ വഴി ബി.ജെ.പി നടപ്പാക്കുന്ന ഗൂഢാലോചന ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് അനന്ദ്പൂര്‍ സാഹിബ് എം.പിയായ മല്‍വീന്ദര്‍ സിങ് പറഞ്ഞു.
‘പ്രിയപ്പെട്ട പഞ്ചാബികളെ, ഉണരുക. എന്തുകൊണ്ടാണ് 2027 തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ആര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് അറിയുമോ. ബീഹാറില്‍ അവര്‍ 65 ലക്ഷം യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കം ചെയ്തു. ബംഗാളില്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ 91 ലക്ഷം വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്. അത് വോട്ടര്‍ പട്ടികയുടെ 12 ശതമാനത്തോളം വരും. അവിടെ ബി.ജെ.പി ജയിച്ചു കയറി. ഇപ്പോള്‍ അത് പഞ്ചാബിനെ ലക്ഷ്യം വയ്ക്കുകയാണ്.’ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ സിങ് പറഞ്ഞു.
‘എസ്.ഐ.ആര്‍ വഴി ബി.ജെ.പി കൊണ്ടുവന്ന ഗൂഢാലോചന ജനാധിപത്യത്തിന് വലിയ അപകടമാണുണ്ടാക്കുന്നത്. ഇപ്പോള്‍ പഞ്ചാബിലെ മനുഷ്യരുടെ പേര് എസ്.ഐ.ആര്‍ വഴി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പക്ഷേ അത് സംഭവിക്കാന്‍ നമ്മള്‍ സമ്മതിക്കില്ല,’ എ.എ.പി എം.പി പറഞ്ഞു. പൗരരുടെ വോട്ടവകാശം നമ്മളെല്ലാവാരും സംരക്ഷിച്ചാല്‍ മാത്രമേ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിലെ പരാജയത്തിന് എസ്.ഐ.ആറിനെ കുറ്റപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസിനെ കാങ് പിന്തുണച്ചു. ‘ ബംഗാളില്‍ ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ലായിരുന്നു. പകരം അവര്‍ സുരക്ഷാ സേനകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്ത് വോട്ടുകള്‍ കവര്‍ന്നെടുക്കുകയായിരുന്നു,’ സിങ് പറഞ്ഞു.
ബി.ജെ.പി മുമ്പ് പഞ്ചാബിനെയും ഇവിടുത്തെ കര്‍ഷകരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ എസ്.ഐ.ആറിലൂടെ സംസ്ഥാനത്തെ വോട്ടര്‍മാരൈ പുറത്താക്കാന്‍ നോക്കുകയാണെന്നും ഏദ്ദേഹം പറഞ്ഞു. 2020 വരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്ന മല്‍വീന്ദര്‍ സിങ് കാങ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ കര്‍ഷകരോട് ഐക്യപ്പെട്ട് പുറത്തു പോവുകയായിരുന്നു.
പഞ്ചാബില്‍ ബി.ജെ.പി. ഒഴികെയുള്ള എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും എസ്.ഐ.ആറിന് എതിരാണ്. എസ്.ഐ.ആറില്‍ ആശങ്ക അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അഭിസംബോധന ചെയ്ത് മന്‍വീന്ദര്‍ സിങ് നേരത്തെ കത്തയച്ചിരുന്നു. പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ നീക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പ്രവാസികളുടെ ശബ്ദം ഇല്ലാതാക്കാന്‍ എസ്.ഐ.ആര്‍ കാരണമാവുമെന്ന് ആശങ്കപ്പെടുന്നതായും കത്തില്‍ പറയുന്നു.
എസ്.ഐ.ആര്‍ മൂന്നാം ഘട്ടം ഈ മാസം 30 മുതല്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് അടക്കം 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ഘട്ടത്തില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കും.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് ഹൗസ് ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം കൂടി പരിഗണിച്ചാണ് എസ്.ഐ.ആര്‍ മൂന്നാം ഘട്ടത്തിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തോടെ രാജ്യത്ത് ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയൊഴികെയുള്ള പ്രദേശങ്ങളിലെല്ലാം എസ്.ഐ.ആര്‍ പൂര്‍ത്തിയാകും. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നത് കണക്കിലെടുത്തും അവിടങ്ങളിലെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും പരിഗണിച്ചും എസ്.ഐ.ആര്‍ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മെയ് 30 മുതലും, ഉത്തരാഖണ്ഡില്‍ ജൂണ്‍ 8 മുതലും, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ജൂണ്‍ 15 മുതലും, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ജൂണ്‍ 25 മുതലും, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്,ദല്‍ഹി എന്നിവിടങ്ങളില്‍ ജൂണ്‍ 30 മുതലും നാഗാലാന്റില്‍ ഓഗസ്റ്റ് 16 മുതലും, ത്രിപുരയില്‍ സെപ്റ്റംബര്‍ 15 മുതലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഭവനസന്ദര്‍ശനം ആരംഭിക്കും.
മൂന്നാം ഘട്ട എസ്.ഐ.ആറില്‍ 3.94 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും. ഈ ഘട്ടത്തില്‍ 36.73 ലക്ഷം വോട്ടര്‍മാരാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ 3.42 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരെയും നിയമിക്കും.
Content Highlight: Would not let Bihar, Bengal repeat in Punjab’: AAP MP Malvinder Singh Kang on SIR Third phase