ന്യൂദൽഹി: ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളുടെ പട്ടികയിലെ 147 രാജ്യങ്ങളിൽ ഇന്ത്യ 118-ാം സ്ഥാനത്ത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിങ് റിസർച്ച് സെന്റർ, ഗാലപ്പ്, യു.എൻ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക്, ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് എന്നിവർ ചേർന്ന് തയാറാക്കിയ ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണിത് പറയുന്നത്.
2024 ലെ റിപ്പോർട്ടിൽ 143 രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്തായിരുന്നു. വിവിധ സാമൂഹിക, ശാരീരിക, വൈകാരിക ഘടകങ്ങളുടെ ലഭ്യത അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന സൂചികയിൽ ഫിൻലാൻഡ് വീണ്ടും ഏറ്റവും സന്തോഷമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി എട്ടാമത്തെ വർഷമാണ് ഫിൻലാൻഡ് തെരഞ്ഞെടുക്കപ്പെടുന്നത്. തൊട്ടുപിന്നിൽ ഡെൻമാർക്കും ഐസ്‌ലാൻഡുമാണുള്ളത്.
ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി അഫ്ഗാനിസ്ഥാൻ വീണ്ടും റാങ്ക് ചെയ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ ജനജീവിതം ദുസഹമാണെന്ന് നിരവധി അഫ്ഗാൻ സ്ത്രീകൾ പറഞ്ഞു. പശ്ചിമാഫ്രിക്കയിലെ സിയറ ലിയോൺ ആണ് ഏറ്റവും അസന്തുഷ്ടരായ രണ്ടാമത്തെ രാജ്യം. ലെബനനാണ് തൊട്ടുപിന്നിൽ ഉള്ളത്.
അതേസമയം 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ അമേരിക്കയുടെ റെക്കോർഡ് താഴേക്ക് കൂപ്പുകുത്തി. 2012 ൽ 11-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഇപ്പോൾ 24-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2024 ൽ യു.എസ് റിപ്പോർട്ടിലെ ആദ്യ 20 ൽ നിന്ന് പുറത്തായിരുന്നു. അന്ന് 23-ാം സ്ഥാനത്തെത്തിയ യു.എസ് ഇപ്പോൾ 24-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്.