ലോകകപ്പ് ഫൈനൽ പരാജയം; ഫ്രാൻസിൽ കലാപം അഴിച്ചുവിട്ട് ഫ്രഞ്ച് ആരാധകർ
2022 FIFA World Cup
ലോകകപ്പ് ഫൈനൽ പരാജയം; ഫ്രാൻസിൽ കലാപം അഴിച്ചുവിട്ട് ഫ്രഞ്ച് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 6:19 pm

2022 ഫിഫ ലോകകപ്പ് ഫുട്ബോളിലെ ചാമ്പ്യൻമാരായി അവരോധിക്കപ്പെട്ടിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം.

1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന മെസിയുടെ നേതൃത്വത്തിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
എന്നാൽ ഫ്രാൻസ് ലോകകപ്പിൽ പരാജയപ്പെട്ടതോടെ അക്രമാസക്തരായി ഫ്രാൻസിന്റെ പല പട്ടണങ്ങളിലും ഫ്രഞ്ച് ഫുട്ബോൾ ആരാധകർ അക്രമവും കലാപങ്ങളും അഴിച്ചുവിട്ടു.

പൊലീസും അക്രമകാരികളും തമ്മിൽ പലയിടത്തും നേരിട്ട് ഏറ്റുമുട്ടലുകൾ ഉണ്ടായെന്നും പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പാരിസ്, നൈസ്, ലിയോൺ തുടങ്ങിയ പട്ടണങ്ങളിലാണ് പ്രധാനമായും അക്രമണ സംഭവങ്ങൾ അരങ്ങേറിയത്.

ടൈംസ് നൗവിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഫൈനൽ മത്സരത്തിന് മുമ്പ് ചാംപ്സ് എലിസിയിലും ആർക് ഡെ ട്രിയംഫിലും ഒത്തുകൂടിയ ആരാധകർ ഫ്രാൻസിന്റെ പരാജയത്തിന് ശേഷം അക്രമണകാരികളായി മാറുകയായിരുന്നു.

മത്സരത്തിന് ശേഷം ഇവർ പടക്കം പൊട്ടിക്കുകയും ആകാശത്തേക്ക് തീ കത്തിച്ചു എറിയുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം 14000 പൊലീസുകാരെ വിന്യസിച്ചിട്ടുള്ളതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:World Cup Final Defeat; French fans riot in France