വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ നേരിടും. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു.
ആദ്യ സീസണിലേതെന്ന പോലെ ഇത്തവണയും ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.
ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ഒയിന്‍ മോര്‍ഗന് കീഴിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഇറങ്ങുന്നത്. അലസ്റ്റര്‍ കുക്ക്, ഇയാന്‍ ബെല്‍, മോയിന്‍ അലി തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി കളത്തിലിറങ്ങുന്നത്.
അതേസമയം, പാക് ലെജന്‍ഡ് ഷാഹിദ് അഫ്രിദിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ ക്യാപ്റ്റന്‍. മിസ്ബ ഉള്‍ ഹഖ്, യൂനിസ് ഖാന്‍, സയ്യിദ് അജ്മല്‍ തുടങ്ങി പല പാക് ഇതിഹാസങ്ങളും ടീമിനൊപ്പമുണ്ട്.
ഞായറാഴ്ചയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.
യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. യുവിക്ക് പുറമെ ഇര്‍ഫാന്‍-യൂസഫ് പത്താന്‍മാര്‍, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധി ഇതിഹാസങ്ങളാണ് ഇന്ത്യയ്ക്കായി അണിനിരക്കുന്നത്.