വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് അവസാന പന്ത് വരെ പൊരുതിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മോണി വാന്‍ വിക്കിന്റെയും ജെ.ജെ. സ്മട്‌സിന്റെയും അര്‍ധ സെഞ്ച്വറികളാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന് വിജയം സമ്മാനിച്ചത്.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ ഫൈനല്‍ പ്രവേശം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്‌സിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ ആരാധകര്‍ ഇപ്പോള്‍ ടീമിന്റെ ഫൈനല്‍ പ്രവേശവും ആഘോഷമാക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കിരീടം പോലുമില്ലാതെയാണ് ഡി വില്ലിയേഴ്‌സ് പടിയിറങ്ങിയത്. ആ സങ്കടത്തിന് ഇപ്പോള്‍ അറുതി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഈ ടൂര്‍ണമെന്റിലെ പ്രകടനത്തിന് പിന്നാലെ ഡി വില്ലിയേഴ്‌സിന്റെ വിരമിക്കല്‍ കുറച്ച് നേരത്തെ ആയെന്ന് പരിഭവിക്കുന്നവരും കുറവല്ല. തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 360 ഡിഗ്രി ഷോട്ടുകളുമായി കളം അടക്കി വാണ ഡി വില്ലിയേഴ്‌സ് അഞ്ച് മത്സരത്തില്‍ നിന്നും 103.67 ശരാശരിയില്‍ 311 റണ്‍സ് അടിച്ചെടുത്തു. രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരായ ആദ്യ ഘട്ട മത്സരത്തില്‍ 39 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡി വില്ലിയേഴ്‌സ് ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെതിരെ 41 പന്തിലും സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സാണ് എ.ബി. ഡി അടിച്ചെടുത്തത്.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ലീഡിങ് റണ്‍ ഗെറ്ററും ഡി വില്ലിയേഴ്‌സ് തന്നെയാണ്
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025 – ഏറ്റവുമധികം റണ്‍സ്
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 5 – 311*
ജെ.ജെ. സ്മട്‌സ് – സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – 5 – 186
രവി ബൊപ്പാര – ഇംഗ്ലണ്ട് ചാമ്പ്യന്‍സ് – 4 – 177
ചാഡ്വിക് വാള്‍ട്ടണ്‍ – വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് – 5 – 152
ക്രിസ് ലിന്‍ – ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് – 5 – 147
ബാറ്റിങ്ങിന് പുറമെ മികച്ച ഫീല്‍ഡിങ് മികവും പുറത്തെടുക്കുന്ന ഡി വില്ലിയേഴ്‌സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ ഫൈനല്‍ പ്രവേശനത്തില്‍ അതി നിര്‍ണായക പങ്കാണ് വഹിച്ചത്.
നേരത്തെ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ ഡി വില്ലിയേഴ്‌സ് കളത്തിലിറങ്ങിയിരുന്നില്ല. ഈ മത്സരത്തില്‍ മാത്രമാണ് പ്രോട്ടിയാസ് ഇതിഹാസങ്ങള്‍ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. ഈ പരാജയത്തിന് താരം ഫൈനലില്‍ കണക്കുചോദിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇന്ത്യ ചാമ്പ്യന്‍സ് സെമി ഫൈനല്‍ മത്സരം കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഫൈനലിന് യോഗ്യത നേടിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പാക് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ സീസണില്‍ ഇന്ത്യ ചാമ്പ്യന്‍സിനോട് ടീം പരാജയപ്പെടുകയായിരുന്നു.
Content Highlight: World Championship of Legends: AB de Villiers’ brilliant performance