പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതിന് പിന്നാലെ 600 മില്യണ്‍ ഡോളറിന്റെ അഫ്ഗാന്‍ പ്രോജക്ടുകള്‍ മരവിപ്പിച്ച് ലോകബാങ്ക്
World News
പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതിന് പിന്നാലെ 600 മില്യണ്‍ ഡോളറിന്റെ അഫ്ഗാന്‍ പ്രോജക്ടുകള്‍ മരവിപ്പിച്ച് ലോകബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 9:35 am

വാഷിങ്ടണ്‍: പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ പ്രോജക്ടുകള്‍ മരവിപ്പിച്ച് ലോകബാങ്ക്.

600 മില്യണ്‍ ഡോളറിന്റെ പ്രൊജക്ടുകളാണ് വേള്‍ഡ് ബാങ്ക് മരവിപ്പിച്ചത്.

‘അഫ്ഗാനിസ്ഥാന്‍ റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ഫണ്ട്’ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് യു.എന്‍ ഏജന്‍സികള്‍ക്ക് കീഴില്‍ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികളായിരുന്നു ഇത്. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലായിരുന്നു പദ്ധതികള്‍ നടപ്പിലാക്കേണ്ടിയിരുന്നത്.

എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിക്ക് പിന്നാലെ, പദ്ധതികളുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കുന്നതായി ബാങ്ക് അറിയിക്കുകയായിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ, ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുമായി നടത്താനിരുന്ന ചര്‍ച്ച യു.എസും റദ്ദാക്കിയിരുന്നു.

ആറാം ക്ലാസിന് മുകളിലുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്നായിരുന്നു താലിബാന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍, പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ട് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞത്.

ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്നായിരുന്നു താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

Content Highlight: World Bank freezes Afghan projects after Taliban bans girls from high school