തന്നിലെ അഭിനേതാവിനെ എങ്ങനെയെല്ലാം തേച്ചുമിനുക്കിയെടുക്കാം എന്നതിന് ഉത്തമ ഉദാഹരമാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. ഭ്രമയുഗം എന്ന രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ എഴുപത്തിരണ്ടാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ് എഴുപത്തി നാലുകാരനായ മമ്മൂട്ടി ഇന്ത്യന്‍ സിനിമയില്‍ തന്റെ ആധിപത്യം തുടരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റായി ചിത്രീകരിച്ച ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായിട്ടുമായിരുന്നു മമ്മൂട്ടി വേഷമിട്ടത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തിലെ ഇന്റെന്‍സായ അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
കൊടുമണ്‍ പോറ്റിയായി മറ്റാരെയും സങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു താരത്തിന്റെ പ്രകടനം. ഹൊറര്‍ ഡ്രാമ ഴോണറില്‍ പെട്ട ചിത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ചതും മമ്മൂട്ടി എന്ന നടന്റെ അഭിനയത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ തെളിവാണ്. പുരസ്‌കാര നിറവില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനും ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.
മമ്മൂട്ടി എന്ന നടനില്ലെങ്കില്‍ ഭ്രമയുഗം എന്ന ചിത്രമുണ്ടാകില്ലെന്ന് പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ആ റോളിലേക്ക് മറ്റൊരു നടന്‍ തന്റെ മനസില്‍ ഇല്ലായിരുന്നുവെന്നും മമ്മൂക്ക ഡേറ്റ് തന്നിട്ടില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ക്യാരക്ടര്‍ സ്‌കെച്ച് കൈയിലുണ്ടായിരുന്നുവെന്നും അത്തരത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പുള്ളിയാണ് ചാത്തന്‍ എന്ന ഫാക്ടറും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത് എന്നതും അദ്ദേഹത്തെ എക്‌സൈറ്റ് ചെയ്യിപ്പിച്ചെന്നും രാഹുല്‍ സദാശിവന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂക്കയുടെ എല്ലാ സീനും കട്ട് പറയുന്നതിന് മുമ്പ് തന്നെ രാഹുല്‍ ബ്രില്ല്യന്റ് എന്ന് പറയുമെന്നും തങ്ങള്‍ അഭിനയിക്കുമ്പോള്‍ കട്ട് പറഞ്ഞ ശേഷം ഓക്കെ ആണ് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. തങ്ങളോട് എപ്പോഴെങ്കിലും ബ്രില്ല്യന്റ് എന്ന് സംവിധായകന്‍ പറയുമെന്നും എന്നാല്‍ മമ്മൂക്കയ്ക്ക് കട്ടിന് മുമ്പ് തന്നെ അത് ലഭിക്കുമെന്നും കാരണം അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ കണ്ടിരിക്കുന്നവര്‍ കൈയടിച്ച് പോകുമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: words of Director Rahul Sadashivan, actor Arjun Ashokan Sidharth Bharathan goes viral after Mammootty Got best actor award
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.