Administrator
Administrator
ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്ക്
Administrator
Monday 26th March 2012 5:21pm

എസ്സേയ്‌സ് / റെനി ഐലിന്‍

രംഗം 1:  2010-ല്‍ തിരുവനന്തപുരത്തെ   അന്താരാഷ്ട്ര ചലചിത്രോത്സവ വേദി. പട്ടാപകല്‍ തന്റെ പാര്‍ട്ടിയുടെ കലണ്ടര്‍ വില്‍ക്കാന്‍ സമീപിച്ച ഒരു സ്ത്രീയെ  പോക്കറ്റില്‍ നിന്ന് ഒരു കെട്ടു ‘ഇന്ത്യന്‍ റുപി’ എടുത്തു കൈയില്‍ വച്ച് കൊടുത്ത ശേഷം പ്രശസ്തനായ ഒരു സംവിധായകന്‍ കയറി പിടിക്കുന്നു. കണ്ടു നിന്ന ‘പാല്‍’ എന്ന് വാലുള്ള സംവിധായകനടന്‍ ഇടപെട്ടു സ്ത്രീയെ രക്ഷപ്പെടുത്തി.

രംഗം 2: തിരുവനന്തപുരത്തെ ‘കൈരളി’ എന്ന സര്‍ക്കാര്‍ തീയേറ്റര്‍. കേരളത്തിലെ പ്രശസ്തയായ ഒരു സ്ത്രീപക്ഷ പ്രവര്‍ത്തക സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ സിനിമ കാണാന്‍ പോയി. അവിടെ കണ്ട കാഴ്ച; സ്‌ക്രീനില്‍ നായിക പ്രത്യക്ഷപ്പെട്ടു അല്‍പ്പം കഴിഞ്ഞപ്പോഴേക്കും സ്‌ക്രീനിനു മുന്‍പിലുള്ള ആറടിയിലേറെ ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ ചാടി കടന്നു നായികയുടെ മാറിടത്തിന്റെ ഭാഗത്ത് (സ്‌ക്രീനില്‍) അമര്‍ത്തുകയും തടവി രസിക്കുകയും ചെയ്യുന്നു.

രംഗം 3: ഫേസ്ബുക്കില്‍ ഒരു മലയാളി കൂട്ടായ്മ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ വാദങ്ങള്‍ക്ക് മുന്നില്‍ തോറ്റപ്പോള്‍ ഒരു മുസ്ലിം ലീഗുകാരന്റെയും ആര്‍.എസ്സ്.എസ്സ് കാരന്റെയും (ഇത്തരം കാര്യത്തില്‍ അവര്‍ക്ക് വളരെ ഐക്യമാണ്.) പുളിച്ചതെറി മാത്രമല്ല, റേറ്റ് എത്രയാണെന്ന് ചോദിച്ചു കൊണ്ടുള്ള സ്വകാര്യ സന്ദേശങ്ങളും അയച്ചു പകരം വീട്ടി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളികള്‍ സദാചാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ആരോടും തയ്യാറല്ല. സംഘടിത മതങ്ങളുടെയും ഒപ്പം കേരളത്തിന്റെ തനത് ബ്രാഹ്മണ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും എടുത്താല്‍ പൊങ്ങാത്ത സദാചാര ത്വസംഹിതകളുടെ ഭാണ്ഡങ്ങളും പേറി ഒളിഞ്ഞു നോക്കിയും, പൊതു സ്ഥലത്ത് വച്ച് പെണ്ണിനെ തോണ്ടിയും, കയറി പിടിച്ചും, വേണ്ടി വന്നാല്‍ ബലാല്‍സംഗം തന്നെ ചെയ്തും മലയാളി പുരുഷ കേസരി തന്റെ ‘കെട്ടി കിടക്കുന്ന വീര്യം പമ്പ് ചെയ്തു കളയുന്നു.’

സൗമ്യ തീവണ്ടിയില്‍ നിന്ന് തള്ളിയിടപ്പെട്ട 2011 ഫെബ്രവരി ഒന്നിന് രാത്രി ഏകദേശം 8.30നു മലയാളികള്‍ ആരംഭിച്ച ‘ആഘോഷം’ നവംബര്‍ 11 ആയപ്പോള്‍ ഉച്ചസ്ഥായിലെത്തി. ചുക്ക് ഏത് ചുണ്ണാമ്പ് ഏതെന്ന് അറിഞ്ഞുകൂടാത്ത കൂപമണ്ഡൂകങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് പെണ്ണിന്റെ സുരക്ഷിതത്വം, ആന, ചേന, മണ്ണാങ്കട്ട എന്നിവയെ കുറിച്ച് വാചാലരായി. മറ്റു ചിലരാകട്ടെ കോടതി വിധി കേട്ടപ്പോള്‍ ഹിസ്റ്റീരിയ  ബാധിച്ചവരെ പോലെ അലറി.

കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചക്കും ഒരു പക്ഷെ ഇപ്പോഴത്തെ ‘നൂല്‍പാല’ത്തിലൂടെയുള്ള യു.ഡി.എഫ് യാത്രക്കുപോലും വിഘ്‌നം വരാന്‍പോലും സാധ്യതയുണ്ടായിരുന്ന ഒരു സംഭവം ആയിരുന്നു പെരുമ്പാവൂരില്‍ വെച്ച് രഘു എന്ന മനുഷ്യന്‍ കെല്ലപ്പെട്ടത്. കണ്ണൂര്‍ മലയാളികളെ ദല്‍ഹി സഭയില്‍ പ്രതിനിധീകരിക്കുന്ന ഒരു ‘ഗാന്ധിയന്‍ ഗുണ്ട’ പരസ്യമായി കൊലയാളിയെ അനുകൂലിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല. ഭരണം ഇപ്പോഴും ‘അതി വേഗം ബഹുദൂരം’ തന്നെ മുന്നോട്ട് നീങ്ങുന്നു.

ഇപ്പോള്‍ ‘മന്ത്രി- പുങ്കവനായിരിക്കുന്ന ഗോവിന്ദ ചാമി’ സ്വയം  പ്രവാചക വേഷം പോലും കെട്ടിയാടി ഇസ്ലാമിനെ അവഹേളിക്കുകയാണ് ചെയ്തത്

‘ഒരു നിരപരാധിയെ കൊന്നു’ എന്നാണ് ചുവപ്പന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മൊഴിഞ്ഞത്. അപ്പോള്‍ ‘അപരാധി ആണെങ്കില്‍ നിങ്ങള്‍ നിയമം കൈയിലെടുത്ത് അയാളെ കൊന്നോളൂ എന്നാണോ അര്‍ത്ഥമാക്കിയത്?. കേരളീയന്റെ സഹജമായ സ്വഭാവ വൈകൃതങ്ങള്‍ തന്നെ ആണ് പ്രസ്തുത രാഷ്ട്രീയ നേതാക്കളിലൂടെ പുറത്തു വരുന്നത്. അവര്‍ രാഷ്ട്രീയ നേതാക്കളോ പൊതു പ്രവര്‍ത്തകരോ ആയത് കൊണ്ട് പ്രത്യേകം മാറ്റി നിര്‍ത്തപ്പെടേണ്ട ആവശ്യം ഇല്ല.

കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ ശരിയായ അന്വേഷണം നടത്തി ‘കുറ്റക്കാരെ കണ്ടുപിടിച്ചു തെരുവിലൂടെ കൈയ്യാമം വച്ച് നടത്തുന്ന ആ വലിയ സുദിനത്തിനോ മഹാസംഭവത്തിനോ സാക്ഷിയാവാന്‍’ കഴിയില്ലെന്ന് അറിയാവുന്ന ഒരു സാധാരണക്കാരന്‍ ആണ് ഈയുള്ളവന്‍. രാഷ്ട്രീയ നേട്ടത്തിന് ഉപരിയായി സ്ത്രീ വാണിഭ റാക്കറ്റുകളുടെ ഭീകരത ശരിയായ വിധത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാത്ത വിധം ആസൂത്രിതമായി കുഴിച്ചുമൂടി, ഒന്നുമറിയാത്ത പാവങ്ങളെ പോലെ കണ്‍മിഴിച്ചു കഴിയുന്ന സദാചാര കാവല്‍ക്കാരാണ് മലയാളി ജന്മങ്ങള്‍.

16.01.1996 മുതല്‍ 26.01.1996 വരെ സമൂഹത്തിലെ എം.പി. മുതല്‍ കൂലിക്കാരന്‍ വരെ വിവിധ തുറകളില്‍പെട്ട ‘സദാചാര വാദികള്‍’ പീഡിപ്പിച്ചതിനു ശേഷം തിരികെ വരണമെന്ന വ്യവസ്ഥയില്‍ ആണത്രേ സൂര്യനെല്ലി പെണ്‍കുട്ടിയെ വിട്ടയച്ചത് പോലും. തളര്‍ന്നു പോയ അവളുടെ ഗുഹ്യ ഭാഗങ്ങള്‍ പഴുത്തളിഞ്ഞു, പനി, നടുവേദന, ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാതെ അവള്‍ വിഷമിച്ചു, മൂത്രം പോകാതെയായി. (ഗീത; അന്യയങ്ങള്‍  അരാഷ്ട്രീയ കേരളത്തെ രൂപപ്പെടുത്തിയ സ്ത്രീ പീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രന്വഷണം, പേജ് നമ്പര്‍ 26. ഫാബിയന്‍ ബുക്‌സ്).

ദാരുണമായ അവസ്ഥയിലൂടെ കടന്നു പോയ പെണ്‍കുട്ടിയെ പോലീസ് കാഴ്ച വസ്തുവിനെ പോലെ കൊണ്ടു നടന്നു ഔദ്യോഗിക ഭാഷയില്‍ തെളിവെടുപ്പ്, വിചാരണ തുടങ്ങിയ പ്രക്രിയകള്‍ പോലുള്ള ‘പൊതുപ്രദര്‍ശനത്തിന്’ വച്ചപ്പോള്‍ കോടതി പരിസരത്ത് ആര്‍ത്തി പിടിച്ച് അവളെ കാത്തു നിന്ന പുരുഷാരം അലറി ‘തലയിലെ തുണി മാറ്റെടി ഒരുപാട് പേരെ സുഖിപ്പിച്ച നിന്റെ മുഖം ഞങ്ങളൊന്നു കാണട്ടെടി’.

ഇരുട്ട് മുറിയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാന്‍ കഷ്ടപ്പെട്ട ആണുങ്ങള്‍ക്ക് പോലീസ് തന്നെ ലൈറ്റ് ഇട്ടുകൊടുത്ത സംഭവം മുതല്‍ വീട്ടില്‍ കാവല്‍ നിന്ന പോലീസുകാരന്റെ ഉപദ്രവം വരെ സഹിക്കേണ്ടി വന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ഇല്ലാത്ത നീതി ബോധവും ദയാവായ്പുമാണ് നവംബര്‍ പതിനൊന്നാം തീയതി എറണാകുളം ഹൈക്കോടതിയുടെ മുന്നില്‍ അണപൊട്ടിയൊഴുകിയത്.


അടുത്ത പേജില്‍ തുടരുന്നു

Advertisement