സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം കത്തിയും മുളകുപൊടിയും കരുതുക; വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി
national news
സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം കത്തിയും മുളകുപൊടിയും കരുതുക; വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2025, 8:28 am

പൂനെ: സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം കത്തിയും മുളകുപൊടിയും കരുതണമെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഗുലാബ്‌റാവു പാട്ടീൽ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശിവസേന നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു പാട്ടീലിന്റെ പ്രസ്താവന. മഹാരാഷ്ട്രയിലെ ജലവിതരണ, ശുചിത്വ മന്ത്രിയാണ് പാട്ടീൽ.

സ്ത്രീകൾ സ്വയ രക്ഷക്കായി കത്തികൾ, മുളകുപൊടി എന്നിവ ലിപ്സ്റ്റിക്കിനൊപ്പം പഴ്‌സിൽ കരുതണമെന്ന് നിർദേശിച്ച അദ്ദേഹം, സർക്കാർ എം.എസ്.ആർ.ടി.സി ബസ് ചാർജ് പകുതിയായി കുറച്ചുവെന്നും, ലഡ്കി ബഹിൻ പദ്ധതി, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവയുൾപ്പെടെ സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ഫെബ്രുവരി 25ന് പൂനെയിലെ ഒരു എം.എസ്.ആർ.ടി.സി ഡിപ്പോയിൽ 26 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ഉൾപ്പെടെ സ്ത്രീകൾക്കെതിരായ സമീപകാല കുറ്റകൃത്യങ്ങളെക്കുറിച്ച് പരമാര്ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നമ്മൾ സംസാരിച്ചാലും ഇന്ന് മോശം സംഭവങ്ങൾ നടക്കുന്നുണ്ട്. ഇന്നത്തെ യുവതികളോടുള്ള എന്റെ അഭ്യർത്ഥനയാണ് ഇത് സ്വയം സംരക്ഷിക്കുക. ശിവസേന നേതാവായ ബാൽ താക്കറെ സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം മുളകുപൊടിയും രാംപുരി കത്തിയും കൊണ്ടുപോകണമെന്ന് പറഞ്ഞതിന് മാധ്യമപ്രവർത്തകർ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ അവരുടെ സംരക്ഷണത്തിന് അത് ആവശ്യമാണ്. ലിപ്സ്റ്റിക്കിനൊപ്പം ബാഗിൽ മുളക് പൊടിയും കത്തിയും കരുതൂ,’ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ലിപ്സ്റ്റിക്ക് പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

ഫെബ്രുവരി 25ന് പുലർച്ചെ പൂനെയിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ 26 വയസുള്ള യുവതി ബലാത്സംഗത്തിന് ഇരയായിരുന്നു. ജോലി കഴിഞ്ഞ് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയെ പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Content Highlight: Women should carry knife, chilli powder in purse for protection: Maharashtra minister at IWD event