മുംബൈ: സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ സ്ത്രീകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഒരു കൊലപാതകം നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് എന്‍.സി.പി. (എസ്.പി വിഭാഗം) നേതാവ് രോഹിണി ഖഡ്‌സെ. മഹാരാഷ്ട്രയിലെ എന്‍.സി.പിയുടെ വനിതാ വിഭാഗം പ്രസിഡന്റാണ് രോഹിണി ഖഡ്‌സെ.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എഴുതിയ കത്തില്‍, സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും മുംബൈയില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയുമാണ് രോഹിണി ഖഡ്സെ ഇക്കാര്യം ആവശ്യപ്പെട്ടത്.
‘എല്ലാ സ്ത്രീകള്‍ക്കും ഒരു കൊലപാതക ശിക്ഷയില്‍ നിന്ന് പ്രതിരോധം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ അടിച്ചമര്‍ത്തലിനേയും, ബലാത്സംഗ പ്രവണതയേയും, ക്രമസമാധാനപാലനത്തിന്റെ കാര്യക്ഷമതയില്ലായ്മയെയും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. ഗൗരവമായി ചിന്തിച്ചതിന് ശേഷം ഞങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ ഖഡ്സെ കത്തില്‍ പറയുന്നു.
തട്ടിക്കൊണ്ടുപോകല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദിവസേന നടക്കുന്ന, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയാണെന്ന് കാണിക്കുന്ന ഒരു സര്‍വേ റിപ്പോര്‍ട്ടും എന്‍.സി.പി നേതാവ് തന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുന്നത് ഒരേ പാര്‍ട്ടിയാണെങ്കിലും മഹാ വികാസ് അഘാഡി (എം.വി.എ) നിര്‍മിച്ച ശക്തി നിയമം പോലുള്ള കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതിരുകടന്ന കാലതാമസമുണ്ടാവുന്നതായും ഇവര്‍ ആരോപിക്കുന്നു. അതിനാലാണ് ഇത്തരമൊരു അപേക്ഷ രാഷട്രപതിക്ക് മുന്നില്‍ വെച്ചത്.
ചരിത്ര വ്യക്തികളെ പരാമര്‍ശിച്ച രോഹിണി ഖാഡ്‌സെ അവരും സ്വന്തം അഭിമാനത്തിനായി ആയുധം എടുത്തതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
‘അവരുടെ രാജ്യം അപകടത്തിലായ സമയത്ത്, മഹാറാണി താരാറാണി, പുണ്യശ്ലോക് അഹല്യദേവി ഹോള്‍ക്കര്‍ തുടങ്ങിയ വീരസ്ത്രീകള്‍ അവരുടെ ജനങ്ങളുടെ പ്രതിരോധത്തിനായി വാളെടുത്തു. നമ്മള്‍ ഇപ്പോള്‍ മറ്റൊരു തരത്തിലുള്ള അപകടത്തെ നേരിടുകയാണ്,’ രോഹിണി ഖാഡ്‌സെ പറഞ്ഞു.