താലിബാന്‍ ഭരണത്തിന്റെ നാലാം വര്‍ഷത്തില്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി അഫ്ഗാന്‍ സ്ത്രീകള്‍
Trending
താലിബാന്‍ ഭരണത്തിന്റെ നാലാം വര്‍ഷത്തില്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി അഫ്ഗാന്‍ സ്ത്രീകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th August 2025, 6:36 pm

കാബൂള്‍: സ്ത്രീകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ കാബൂളിലും ഇറാനിലെ ടെഹ്റാനിലും താലിബാനെതിരെ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍. അഫ്ഗാന്‍ വുമന്‍സ് വോയ്‌സ്, വുമന്‍സ് ഫോര്‍ ഫ്രീഡം എന്നീ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് പ്രതിഷേധം ശക്തമാകുന്നത്. 2021 ഓഗസ്റ്റ് മുതല്‍ താലിബാന്‍ അവിടുത്തെ സ്ത്രീകള്‍ക്ക് മേല്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ അപലപിച്ചു. താലിബാന്‍ നയങ്ങള്‍ ലിംഗ വിവേചനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, ഘടനാപരമായ ഭീകരത എന്നിവയ്ക്ക് തുല്യമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

താലിബാന്‍ ഭരണത്തെ അംഗീകരിക്കരുതെന്നും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കരുതെന്നും അന്താരാഷ്ട്ര സമൂഹത്തോട് സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലിംഗ വിവേചനം ക്രിമിനല്‍ കുറ്റമാക്കണമെന്നും അഫ്ഗാന്‍ സിവില്‍ സൊസൈറ്റി സംഘടനകളുമായി നേരിട്ട് ആശയവിനിമയം നടത്തി താലിബാനുമായുള്ള ബന്ധം മാറ്റി സ്ഥാപിക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

വുമന്‍സ് ഫോര്‍ ഫ്രീഡം പ്രസ്ഥാനത്തിലെ അംഗങ്ങള്‍ കാബൂളിലെ ഒരു സ്ഥലത്ത് ഒത്തുകൂടി പ്രതിഷേധം നടത്തുകയും പ്രതീകാത്മക ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ‘കാബൂളിലെ തെരുവുകളില്‍ എടുക്കുന്ന ഓരോ ചുവടും പ്രതിരോധമാണ്. സംസാരിക്കുന്ന ഓരോ വാക്കും സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തില്‍ അടിക്കുന്ന അസ്ത്രമാണ്,’ പ്രതിഷേധക്കാര്‍ പറഞ്ഞു.

2021 ഓഗസ്റ്റ് 15നായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുന്നത്. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയത്. ശൈശവവിവാഹം നടത്തുക, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ നിന്ന് സ്ത്രീകളെ വിലക്കുക, പൊതുജീവിതത്തില്‍ അവരുടെ പങ്കാളിത്തം തടയുക തുടങ്ങി സ്ത്രീകളുടെ അടിസ്ഥാന മൗലീകാവകാശങ്ങള്‍ക്ക് വരെ താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Women’s organizations intensify protests against the Taliban in Kabul and Tehran