മുസ്‌ലിം ലീഗ് സ്ത്രീകളെ മത്സരിപ്പിക്കാത്തതിനെതിരെ വനിത ലീഗ്
Kerala Election 2021
മുസ്‌ലിം ലീഗ് സ്ത്രീകളെ മത്സരിപ്പിക്കാത്തതിനെതിരെ വനിത ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 5:24 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി വനിതകളെ പരിഗണിക്കാത്തതിനെതിരെ വനിത ലീഗ് പ്രമേയം പാസ്സാക്കി. വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി വനിത ലീഗ് നേതൃത്വം അടുത്ത ദിവസം പാണക്കാട്ട് പോകുമെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിം ലീഗിന്റെ അംഗങ്ങളില്‍ വലിയ ഭൂരിപക്ഷം വനിതകളുണ്ടായിട്ടും പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വനിതകളെ പരിഗണിക്കുന്നില്ലെന്നാണ് വനിതാ ലീഗിന്റെ ആക്ഷേപം. ഇത് സംബന്ധിച്ച് സംസ്ഥാന സമിതി ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ട് വര്‍ഷങ്ങളായിട്ടും അനൂകൂലമായ തീരുമാനം കൈക്കൊള്ളുന്നില്ല എന്നാണ് വനിത ലീഗിന്റെ പരാതി. വിഷയത്തില്‍ യൂത്ത് ലീഗും വനിത ലീഗിന് പിന്തുണ നല്‍കിയിട്ടുണ്ട്.

1996 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മുസ്‌ലിം ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ളത്. വനിത ലീഗ് അധ്യക്ഷയായിരുന്ന ഖമറുന്നിസ അന്‍വറിനെയാണ് അന്ന് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. 2011 ലെ നിയമസഭ തെരഞ്ഞടുപ്പില്‍ അന്നത്തെ വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ലീഗ് പരിഗണിച്ചെങ്കിലും പിന്നീട് ഡോ. എം.കെ മുനീറാണ് പിന്നീട് സ്ഥാനാര്‍ത്ഥിയായത്.

2016 ലെ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയില്‍ വനിത ലീഗ് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും പാണക്കാട് ചെന്ന് നേതൃത്വത്തിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എങ്കിലും ഫലമുണ്ടായില്ല. ഇത്തവണ യു.ഡി.എഫില്‍ ഘടകക്ഷികള്‍ കുറഞ്ഞതിനാല്‍ മുപ്പതോളം സീറ്റുകളില്‍ ലീഗ് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കണമെന്നാണ് വനിത ലീഗിന്റെ ആവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Women’s League against Muslim League on Women Candidacy