ന്യൂദല്‍ഹി: മരണാനന്തരം തങ്ങളുടെ സ്വത്ത് ഇഷ്ടാനുസരണം വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ഹിന്ദു സ്ത്രീകളും വില്‍പത്രം എഴുതിവെക്കണമെന്ന് സുപ്രീം കോടതി. ഇത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു.
മരണാന്തരം മാതാപിതാക്കളും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഒഴിവാക്കാനാണ് കോടതിയുടെ നിര്‍ദേശം.
‘ഹിന്ദു പിന്തുടര്‍ച്ചാവകാശം ബാധകമാകുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും വില്‍പത്രം എഴുതണം. എന്നാല്‍ ഇത് എല്ലാ സ്ത്രീകള്‍ക്കും ബാധകമാണ്,’ സുപ്രീം കോടതി വ്യക്തമാക്കി. പ്രായഭേദമില്ലാതെ എല്ലാ ഹിന്ദു സ്ത്രീകളും ഉടന്‍ വില്‍പത്രം എഴുതണമെന്നാണ് കോടതി നിര്‍ദേശം.
1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 15(1)-ാം വകുപ്പ് അനുസരിച്ച്, വില്‍പത്രം ഇല്ലാതെ മരിക്കുന്ന സ്ത്രീകളുടെ സ്വത്തിന്റെ അവകാശം ഭര്‍ത്താവിനും മക്കള്‍ക്കുമാണ്. ഇത് മുന്‍ഗണനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തികമാകുക.
ഇതിനുപുറമെ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം, കുട്ടികളില്ലാത്ത സ്ത്രീയുടെ സ്വത്തുക്കള്‍ അവരുടെ മരണശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനായിരിക്കും കൈമാറുക. ഇതിനെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.
പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 15(1)-ാം വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. ഒരു വനിതാ അഭിഭാഷകയാണ് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്.
എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്തുത ഹരജി തള്ളുകയാണ് ചെയ്തത്. വില്‍പത്രം എഴുതിവെക്കാതെ ഒരു സ്ത്രീ മരിച്ചാല്‍ സ്വത്ത് കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്താന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കൂടാതെ, വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസിലും തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും ഹരജിയെ എതിര്‍ത്തു.
അതേസമയം പാരമ്പര്യമായുള്ള സ്വത്തിന് പുറമെ സ്വയം സമ്പാദിച്ച സ്വത്തും ഭര്‍ത്താവിലേക്ക് പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. മകളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്കും അവകാശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Women must write a will to ensure property is distributed according to their wishes after death: SC