കരിമ്പ് തോട്ടത്തിലെ പണിക്ക് ഗര്‍ഭപാത്രം വേണ്ടെന്ന് വെച്ച സ്ത്രീകള്‍ ഇന്നാട്ടിലെ തൊഴിലാളികളുടെ നിവൃത്തികേടിന്റെയും ദുരിതത്തിന്റേയും കൂടി സൂചികയാണ്
atrocities against women
കരിമ്പ് തോട്ടത്തിലെ പണിക്ക് ഗര്‍ഭപാത്രം വേണ്ടെന്ന് വെച്ച സ്ത്രീകള്‍ ഇന്നാട്ടിലെ തൊഴിലാളികളുടെ നിവൃത്തികേടിന്റെയും ദുരിതത്തിന്റേയും കൂടി സൂചികയാണ്
ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 5:12 pm

ഒരു ആര്‍ത്തവ ദിവസത്തെ അവധിക്ക് വില 500 രൂപയാണെങ്കില്‍ ആ ആര്‍ത്തവം ഇല്ലാതാക്കുകയല്ലാതെ വേറെ വഴിയില്ലാത്തവരാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് വെട്ടുന്ന കരാര്‍ തൊഴിലാളികള്‍. അതിന് അവര്‍ കണ്ട ഒരേ ഒരു മാര്‍ഗ്ഗം ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യുക എന്നതാണ്. ബീഡ് ഗ്രാമം ഗര്‍ഭമാത്രമില്ലാത്ത ഒരു നാടായി മാറിയതെങ്ങനെയെന്നത് ഇന്നാട്ടിലെ തൊഴിലാളികളുടെ നിവൃത്തികേടിന്റെയും ദുരിതത്തിന്റേയും കൂടി സൂചികയാണ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ പഠന പ്രകാരം രാജ്യത്തെ ഏറ്റവും വലിയ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബീഡ്. ഇവിടെ നിന്ന് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുക. കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഒരു ടണ്ണിന് 250 രൂപയാണ് കൂലി. ഒരു ദിവസം മൂന്ന് നാല് ടണ്‍ വരെ വെട്ടിയാല്‍ മാത്രമേ 1000 രൂപയെങ്കിലും ലഭിക്കുകയുള്ളൂ.ഇതിനിടയില്‍ ഒരു ദിവസം അവധിയെടുത്താല്‍ അഞൂറു രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം. ആര്‍ത്തവ ദിനത്തില്‍ കഠിനമായ കരിമ്പ് വെട്ടല്‍ സാധ്യമല്ലാത്തതിനാല്‍ അവധിയെടുക്കേണ്ടി വരും എന്ന സാധ്യത പോലും അവര്‍ക്ക് താങ്ങാന്‍ കഴിയില്ല.

ആര്‍ത്തവമില്ലാത്ത സ്ത്രീകളെ തന്നെയാണ് mukadam എന്ന് വിളിക്കുന്ന കോണ്‍ട്രാക്ടര്‍ക്കും താല്പര്യം. ദിവസത്തില്‍ ഇത്ര ടണ്‍ കരിമ്പ് വെട്ടണം എന്ന ടാര്‍ജറ്റ് ഉണ്ട്. അത് തീര്‍ക്കാന്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ തങ്ങളാരെയും ശസ്ത്രക്രിയക്ക് നിര്‍ബന്ധിക്കാറില്ല, ആര്‍ത്തവമുള്ളവര്‍ക്ക് ജോലി നല്‍കില്ല അത്ര മാത്രം കോണ്‍ട്രാക്ടര്‍മാര്‍ കൈയ്യൊഴിയുന്നു.

ഈ ശസ്ത്രക്രിയ കഴിഞ്ഞാല്‍ പിന്നെ ആര്‍ത്തവത്തിനെ പേടിക്കേണ്ടതില്ല. ഒരു രൂപ പോലും വെറുതെ കളയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന് ഇവിടുത്തെ സ്ത്രീകള്‍ തുറന്നു സമ്മതിക്കുന്നു. പിന്നീടുള്ള വര്‍ഷം മുഴുവന്‍ ജീവിതം നയിക്കേണ്ടത് ഈ 6 മാസങ്ങളിലെ വരുമാനം കൊണ്ടു മാത്രമാണ്. രാജ്യത്ത് 100 ശതമാനം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത ബി.ജെ.പി തന്നെയാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത്. വികസനങ്ങളെ കുറിച്ചുള്ള വീമ്പ് പറച്ചിലുകള്‍ ഒരു വശത്ത് നടക്കുമ്പോഴാണ മറ്റൊരു വശത്ത് പട്ടിണി ഒഴിവാക്കാന്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യം തന്നെ പണയം വെക്കുവാന്‍ തയ്യാറാകുന്നത്. മഹേന്ദ്ര ഫട്നാവിസ് സര്‍ക്കരിനോ അതിനു മുമ്പ് ഭരിച്ച് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കൊ ഇവരുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.

പട്ടിണി കിടക്കാതിരിക്കാന്‍ ഒരു അവയവം നീക്കം ചെയ്യുകയെന്നത് ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് ഒരു സാധാരണക്കാര്യമായി മാറി. എന്നാല്‍ ആരോഗ്യകരമായി ഇതത്ര സാധാരണ അവസ്ഥയല്ല എന്ന് വൈദ്യശാസ്ത്രം സാക്ഷ്യം വെക്കുന്നു. തതാപി എന്ന സംഘടന നടത്തിയ പഠനത്തില്‍ ശസ്ത്രക്രിയ ചെയ്ത 25 വയസ്സുള്ള സ്ത്രീകളെ വരെ കണ്ടെത്തുകയുണ്ടായി. ആരോഗ്യവതിയായ ഒരു സാധാരണ സ്ത്രീക്ക് ആര്‍ത്തവ ചക്രം നിലക്കുവാന്‍ കുറഞ്ഞത് നാല്‍പതു വയസ്സെങ്കിലും ആവണം. ആ ഇടത്താണ് 15 വര്‍ഷങ്ങള്‍ക്ക മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേരാവുന്നത്.

രൂക്ഷമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അമിതവണ്ണം, മാനസികാരോഗ്യ തകരാര്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഈ ശസ്ത്രക്രിയ വഴിയൊരുക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതൊന്നും പോരാത്തതിന് സ്ത്രീ തൊഴിലാളികള്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഇവര്‍ പറഞ്ഞതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചൂഷണങ്ങളേയും ആരോഗ്യ പ്രശ്നങ്ങളേയും അവര്‍ അതിജീവിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നുവെങ്കില്‍ ഇവിടെ എന്തിനാണ് ഒരു ഭരണ കൂടവും നിയമവും വ്യവസ്ഥയുമെല്ലാം.