സ്ത്രീകളെ അധിക്ഷേപിച്ച ചാക്യാരെ ചോദ്യം ചെയ്ത മധ്യവയസ്‌കയ്ക്കെതിരെ വ്യാജ പ്രചരണം
Kerala News
സ്ത്രീകളെ അധിക്ഷേപിച്ച ചാക്യാരെ ചോദ്യം ചെയ്ത മധ്യവയസ്‌കയ്ക്കെതിരെ വ്യാജ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2019, 4:17 pm

ആലുവ: ചാക്യാര്‍ കൂത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്‌കയ്ക്കെതിരെ വ്യാജപ്രചരണം. പ്രധാന മാധ്യമങ്ങളെ വരെ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്. കൂത്തിനിടെ ചാക്യാര്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതിയെ പരിഹസിച്ചത് ചോദ്യം ചെയ്ത സ്ത്രീയ്‌ക്കെതിരെയാണ് വ്യാജ പ്രചരണം നടക്കുന്നത്.

ആലുവ മണപ്പുറത്ത് നഗരസഭ നടത്തുന്ന ദൃശ്യാത്സവത്തില്‍ ചാക്യര്‍കൂത്ത് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകള്‍ ഷാള്‍ ഇടാതെയും പുരുഷന്മാര്‍ അടിവസ്ത്രം പുറത്തുകാണുന്ന വിധത്തിലും വസ്ത്രം ധരിക്കുന്നതിനെയായിരുന്നു ഇയാള്‍ പരിഹസിച്ചത്. നാണമുണ്ടോ മോളെ എന്ന് അമ്മ ചോദിക്കുമ്പോള്‍ എന്താണ് നാണം എന്ന് മകള്‍ ചോദിക്കുന്നതും ഇയാള്‍ പരിഹാസ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

ഇതിനെ പരിപാടിക്ക് ശേഷം മധ്യവയസ്‌ക വേദിയുടെ പിന്നിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ മധ്യവയസ്‌ക വേദിയിലെത്തി കലാകാരന്റെ കരണത്തടിച്ചുവെന്നാണ് മലയാള മനോരമ അടക്കം റിപ്പോര്‍ട്ട് ചെയ്തത്.

തന്നെ മര്‍ദ്ദിച്ചുവെന്ന കലാകാരന്റെ ആരോപണം അതേപോലെ വാര്‍ത്തയാക്കുകയായിരുന്നു. അതേസമയം സ്ത്രീയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീയ്ക്ക് മാനസിക അസ്വസ്ഥയുണ്ടെന്ന് വരെ പ്രചരണം ഉണ്ടായിരുന്നു. ഇയാളെ മര്‍ദ്ദിക്കുകയോ അസഭ്യം വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു.


അച്ഛന്‍ വേദിയില്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് തിരിഞ്ഞുനോക്കിയില്ല: വിമര്‍ശനവുമായി ഗണേഷ് കുമാര്‍