ഇന്ദുചൂഡാ, അടിമയാകാന്‍ വേറെ ആളെ നോക്കിക്കോ; സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതി വനിതാ ശിശു വികസന വകുപ്പ്
Kerala News
ഇന്ദുചൂഡാ, അടിമയാകാന്‍ വേറെ ആളെ നോക്കിക്കോ; സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതി വനിതാ ശിശു വികസന വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 11:03 am

തിരുവനന്തപുരം: സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ മാറ്റിക്കുറിക്കുന്നതിനുള്ള പുതിയ ക്യാംപെയ്‌നുമായിട്ടാണ് വനിതാ ശിശു വികസന വകുപ്പ് എത്തിയിട്ടുള്ളത്.

#പൊളിച്ചെഴുത്ത് എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍ നടക്കുന്നത്. സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവ മാറ്റിയെഴുതി വകുപ്പിന്റെ പൊളിച്ചെഴുത്ത് ക്യാംപെയ്ന്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യാം.

ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവ വനിതാ ശിശു വികസന വകുപ്പിന്റെ പേജില്‍ പോസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ക്യാംപെയ്‌നിന്റെ ഭാഗമായി ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ നരസിംഹം എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിന് കുറിക്കുക്കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ്.

ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം, ഐശ്വര്യ ചെയ്ത അനുരാധ എന്ന കഥാപാത്രത്തിനോട് പറയുന്ന ഡയലോഗിനാണ് മറുപടി വന്നിരിക്കുന്നത്. ‘കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കില്‍ കയറിക്കോ,’ – എന്നാണ് മോഹന്‍ലാല്‍ ചെയ്ത് ഇന്ദുചൂഡന്റെ ഡയലോഗ്.

ഇതിന് മറുപടിയായി ‘ഹാ… ബെസ്റ്റ്.. അടിമയാവാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന്‍ വണ്ടി വിട്ടോ’ എന്നാണ് പൊളിച്ചെഴുത്ത് ക്യാംപെയ്‌നില്‍ പറയുന്നത്.

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഡയലോഗുകളിലൊന്നായിരുന്നു ഇത്. പോസ്റ്റിന്റെ കമന്റുകളില്‍ വിവിധ ഡയലോഗുകള്‍ക്ക് മറുപടികള്‍ നിറയുന്നുണ്ട്.

‘മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ കയ്യ്. അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷെ നീയൊരു പെണ്ണായിപ്പോയി,
വെറും പെണ്ണ്’ എന്ന ദി കിംഗിലെ ഡയലോഗിന് മറുപടിയായി ‘അതേടോ പെണ്ണ് തന്നെ പെണ്ണ്. ആണധികാരത്തിന്റെ ഹുങ്കുമായി വരുന്ന എല്ലാ ജോസഫ് അലക്‌സുമാര്‍ക്കെതിരെയും ഇനിയും ഉയരുമീ കയ്യ്. ഓര്‍ത്തു വച്ചോ,’ എന്ന് കമന്റില്‍ പറയുന്നു.

വാത്സല്യത്തിലെ, ‘നമ്മള് വന്നുകയറിയ പെണ്ണുങ്ങളാ.. നമ്മള് വേണം എവിടെയും താഴ്ന്നുകൊടുക്കാന്‍. എന്നാലെ കുടുംബത്തില്‍ സമാധാനമുണ്ടാകൂ’ ഡയലോഗിനും മറുപടിയെത്തിയിട്ടുണ്ട്. ‘എന്റെ ഏട്ടത്തിയമ്മേ, കാലമൊക്കെ മാറി, മാറണം. എന്റെ നേരെ കൈ പൊക്കിയാല്‍ പൊക്കിയവന്‍ വിവരമറിയും,’ എന്നാണ് ഇതിന് വന്നിരിക്കുന്ന മറുപടി.

സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ക്കെതിരെ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് പൊളിച്ചെഴുത്തും എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Women and Child Development Department of Kerala against misogynistic dialogues in Malayalam movies