ഉന്നാവോ പെണ്‍കുട്ടിക്ക് നീതി; അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധവുമായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍
national news
ഉന്നാവോ പെണ്‍കുട്ടിക്ക് നീതി; അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധവുമായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍
ആദര്‍ശ് എം.കെ.
Saturday, 27th December 2025, 5:12 pm

ന്യൂദല്‍ഹി: ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം. അഞ്ച് വനിതാ സാമൂഹ്യപ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റ് പരിസരത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറാറുള്ളത്. ഉന്നാവോ കേസ് അടക്കമുള്ള രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നിതി ആവശ്യപ്പെട്ടുകൊണ്ടാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പ്രതിഷേധം.

പാര്‍ലമെന്റ് പരിസരത്ത് നിന്നും പ്രതിഷേധത്തില്‍ നിന്നും മാറണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഇവിടെ നിന്നും മാറുകയില്ലെന്നും സമരം തുടരുമെന്നുമുള്ള നിലപാടിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.

‘ജസ്റ്റ്‌സ് ഫോര്‍ ഉന്നാവോ വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും ഇവിടെ നിന്നും മാറാമെന്നുമാണ് ഇവര്‍ പറയുന്നത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന.

‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

പാര്‍ലമെന്റ് പരിസരം അതീവ സുരക്ഷാ മേഖലയാണെന്നും ഇവിടെ പ്രതിഷേധിക്കാന്‍ അനുവാദമില്ലെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളോട് ‘ബലാത്സംഗം ചെയ്യാനും ഇവിടെ ആര്‍ക്കും അനുവാദമില്ല’ എന്നായിരുന്നു അവരുടെ മറുപടി.

‘ഞങ്ങള്‍ തീര്‍ത്തും സമാധാനപരമായാണ് ഇവിടെ പ്രതിഷേധിക്കുന്നത്. പ്രതീകാത്മകമായി ഞങ്ങള്‍ പാര്‍ലമെന്റിന് മുമ്പില്‍ കുത്തിയിരിക്കുകയാണ്. പാര്‍ലെമെന്റിന് അകത്തിരിക്കുന്നവര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നിയമനിര്‍മാണം നടത്തണം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നാവോ കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ദല്‍ഹി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോയിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ മടിക്കുകയും പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളടക്കം നടത്തുകയും ചെയ്തിരുന്നു.

പിന്നീട് റായ്ബറേലിയില്‍ നടന്ന വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുല്‍ദീപിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.

 

Content Highlight: Women activists protest in front of Parliament demanding justice for the Unnao girl.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.