തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനം; സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നതായി ആരോപണം
Kerala News
തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനം; സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2025, 4:27 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് അഭിഭാഷകന്‍. പാറശ്ശാല സ്വദേശി അഡ്വ. ശ്യാമിലി ജസ്റ്റിനാണ് മര്‍ദനമേറ്റത്. വഞ്ചിയൂരിലാണ് സംഭവം.

അഡ്വ. ബെയ്ലിന്‍ ദാസ് തന്റെ കവിളില്‍ ആഞ്ഞടിച്ചുവെന്നും പലപ്പോഴും വളരെ മോശമായാണ് ഇയാള്‍ പെരുമാറാറുള്ളതെന്നുമാണ് ശ്യാമിലി പറയുന്നത്.

ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമനടപടിയുടെ ഭാഗമായി ബാര്‍ അസോസിയേഷനെ സമീപിച്ചപ്പോള്‍ അവര്‍ സഹകരിച്ചില്ലെന്നും യുവതി പറയുന്നു. സീനിയർ അഭിഭാഷകൻ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും യുവതി പറയുന്നുണ്ട്.

മര്‍ദിക്കപ്പെട്ട ഉടനെ യുവതി ബന്ധുക്കളെ വിളിച്ചുവരുത്തിയെന്നും എന്നാല്‍ ഈ സമയം സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

നിലവില്‍ വനിതാ അഭിഭാഷക തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്ത് ഗുരുതരമായി പരിക്കുണ്ടെന്നാണ് വിവരം. സി.ടി സ്‌കാന്‍ ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം യുവതി പൊലീസിന് വിശദമായ മൊഴി നല്‍കും.

Content Highlight: Woman lawyer beaten up in Thiruvananthapuram; Bar Association accused of protecting senior lawyer