ന്യൂദല്‍ഹി: ദീര്‍ഘകാലമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്ന സ്ത്രീക്ക് ബലാത്സംഗത്തിന് പരാതി നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ലിവ് ഇന്‍ ബന്ധത്തിലാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ആ പുരുഷന്‍ തന്നെ പീഡിപ്പിച്ചതായി സ്ത്രീക്ക് പറയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ച് താമസിച്ചിരുന്നവരായതിനാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ലൈംഗിക ബന്ധത്തിന് പിന്നിലെ കാരണം വിവാഹം വാഗ്ദാനം മാത്രമാണോയെന്ന് നിര്‍ണയിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത തുടങ്ങിയവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. കുറ്റാരോപിതനായ പുരുഷനെതിരായ നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി വിധി.
16 വര്‍ഷമായി റിലേഷന്‍ഷിപ്പിലായിരുന്ന ബാങ്ക് മാനേജരുടെയും ലക്ച്ചററുടെയും കേസിലാണ് കോടതി വിധി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി.
അതേസമയം ഇരുകക്ഷികളും നല്ല വിദ്യാഭ്യാസമുള്ളവരും പരസപര സമ്മതത്തോടെയുള്ള ബന്ധത്തിലുമാണെന്നും സുപ്രീം കോടതി പറഞ്ഞു. വ്യത്യസ്ത സ്ഥലത്ത് ജോലി ചെയ്തിരുന്നപ്പോഴും ഇരുവരും പരസ്പരം കണ്ടിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.