തിരുവനന്തപുരം: സ്ത്രീപീഡന, ഗര്‍ഭഛിദ്ര പ്രേരണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി. സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്.
തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ടാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുള്ള ഉള്ളടക്കമനുസരിച്ച് രാഹുലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഈ പരാതി പൊലീസ് മേധാവിക്കും, പൊലീസ് മേധാവി അന്വേഷണ സംഘത്തിനും കൈമാറും.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്.
തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതിക്കും ഗര്‍ഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തില്‍ കൊലവിളി നടത്തുന്നതിന്റെയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു.
ഈ ശബ്ദരേഖയുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മൂന്നാം കക്ഷികളായിരുന്നു പരാതി നല്‍കിയവരെല്ലാവരും.