അഞ്ച് മണിക്കൂര്‍ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളും വി.എസ് സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇടപെട്ടതോടെയാണ് അക്ഷയക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ അക്ഷയയുടെ കുഞ്ഞും പോളിങ് സ്റ്റേഷനില്‍ അകപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറാം തീയതിയാണ് മിക്‌സിക്കുള്ളില്‍ കൈ അകപ്പെട്ട് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. ആശുപത്രിയില്‍ കാണിച്ച് സ്റ്റിച്ച് ഇട്ട് വിരല്‍ കെട്ടിവെക്കുകയും ചെയ്തു.
വിരലില്‍ 15 സ്റ്റിച്ചുകളാണുണ്ടായിരുന്നത്. പിന്നീട് വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്താനായി ബൂത്തില്‍ എത്തിയപ്പോഴാണ് ഇടതുകൈയ്യിലെ വിരലില്‍ മഷി പുരട്ടാതെ വോട്ട് ചെയ്യാനനുവദിക്കില്ലെന്ന് പോളിങ് ഓഫീസര്‍ അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും ഓഫീസര്‍ വഴങ്ങിയില്ല.
ജില്ലാ കളക്ടര്‍ വോട്ട് അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടും ഒരു വിരലിന് പരിക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും പോളിങ് ഓഫീസര്‍ കടുംപിടുത്തം തുടര്‍ന്നതോടെ സ്ഥലത്ത് പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഒടുവില്‍, പ്രതിഷേധം രൂക്ഷമായതോടെ യുവതിയില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഒരു മണിക്ക് ബൂത്തിലെത്തിയ അക്ഷയ വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് വോട്ടു ചെയ്ത് മടങ്ങിയത് ജനാധിപത്യത്തിന്റെ വിജയമായി സോഷ്യല്‍മീഡിയയും ആഘോഷിക്കുകയാണ്.
Content Highlight: woman denied vote due to finger injury in Thrissur; Child Rights Commission registered case