ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമോ താത്ക്കാലിക ട്രെന്‍ഡോ മാത്രമല്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പുകയുന്ന ജനരോഷമാണിതെന്നും, ഭരണകൂടത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള മാധ്യമമായി ഇത് മാറിയിരിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ വലിയൊരു അവസരമുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രവണത ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ജെ.പിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമാണെന്നും തരൂര്‍ പറഞ്ഞു.
‘യുവാക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വഴി ഉണ്ടായിരിക്കണം. ജനാധിപത്യത്തിന് വിയോജിപ്പ്, നര്‍മ്മം, ആക്ഷേപഹാസ്യം, എന്നിവ ആവശ്യമാണ്. അതുകൊണ്ട് സി.ജെ.പിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നതിന് പകരം അത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത്,’ ശശി തരൂര്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നടന്‍ വിജയ് രാഷ്ട്രീയത്തില്‍ നേടിയ വിജയത്തെ ‘ജെന്‍സി വിജയം’ എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. വിജയ്ക്ക് വോട്ട് ചെയ്തവരില്‍ വലിയൊരു വിഭാഗം 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. പുതിയ തലമുറ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ അനുഭവിക്കുന്ന നിരാശകള്‍ക്ക് പകരമുള്ള വഴികള്‍ തേടുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങള്‍ക്കും മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്ന് പറഞ്ഞ തരൂര്‍, നിലവിലെ സാഹചര്യങ്ങള്‍ക്ക് ആത്യന്തികമായി ഉത്തരവാദികള്‍ സര്‍ക്കാരാണെന്നും പറഞ്ഞു. എങ്കിലും പ്രതിപക്ഷം ഈ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും നീറ്റ് പരീക്ഷാ വിഷയം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ നിരന്തരം ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടിതമല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നാലെ ജനങ്ങള്‍ പോകുന്നതിന് പകരം, ഈ അതൃപ്തിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും വോട്ടിങ്ങിലൂടെയുള്ള തെരഞ്ഞെടുപ്പ് മാറ്റങ്ങളിലേക്കും നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ള അവസരം. ഈ ചിന്താഗതിയുള്ള യുവാക്കളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, അവരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡയും കേന്ദ്ര നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘കോക്ക്രോച്ച് ബാന്‍’ നടന്നിരിക്കുന്നു. ഇത് ജനാധിപത്യത്തില്‍ പൂര്‍ണമായും അനുചിതമാണ്. ബി.ജെ.പി സൃഷ്ടിച്ച വികലമായ വ്യവസ്ഥക്കെതിരെ യുവാക്കള്‍ക്കിടയില്‍ ആഴത്തിലുള്ള രോഷമാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും അഞ്ച് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ 15 ദശലക്ഷത്തിലധികം ഫോളോവേഴ്സ് നേടിയ ഈ കൂട്ടായ്മ നിലവില്‍ 19.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഭരണകക്ഷിയായ ബി.ജെ.പിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും സി.ജെ.പി പിന്നിലാക്കി കഴിഞ്ഞു.
ഈ മാസം ആദ്യം ഒരു കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചില തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരാദങ്ങളോടും’ ഉപമിച്ച പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് സി.ജെ.പി ഉയര്‍ന്നുവന്നത്. തന്റെ പരാമര്‍ശങ്ങള്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇന്ത്യയിലെ യുവാക്കളെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കോക്രോച്ച് ജനതാ പാര്‍ട്ടി ദശലക്ഷക്കണക്കിന് പേരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.
Content Highlight: Withheld of Cockroach Janata Party’s account is foolishness says Tharoor