മാലിന്യത്തില്‍ നിന്നുണ്ടാക്കിയത് 906 കിലോമീറ്റര്‍ റോഡ്; പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ സര്‍ക്കാറിന്റെ വിജയ മാതൃക
Environment
മാലിന്യത്തില്‍ നിന്നുണ്ടാക്കിയത് 906 കിലോമീറ്റര്‍ റോഡ്; പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ സര്‍ക്കാറിന്റെ വിജയ മാതൃക
ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 5:14 pm

പ്ലാസ്റ്റിക് നിരത്തുകള്‍ നിര്‍മ്മിച്ചുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ നിരത്ത് കേരളത്തില്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പും ക്ലീന്‍കേരളയും തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് രഹിത നിരത്ത്- പ്ലാസ്റ്റിക് നിരത്ത് എന്ന പദ്ധതി കൊണ്ടുവന്നത്. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ഈ പദ്ധതി വന്‍ വിജയമാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 571 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിരത്തുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ 906 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിര്‍മ്മിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ 712 കിലോമീറ്ററും പിഡബ്ല്യുഡിയുടെ 194 കിലോമീറ്ററും റോഡുകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു.

സംസ്‌കരിക്കാന്‍ കഴിയാത്തതും കത്തിച്ചാല്‍ ക്യാന്‍സറിന് കാരണമാകുന്നതുമായ 50 മൈക്രോണില്‍ താഴെയുള്ള തെര്‍മോസെറ്റിങ് പ്ലാസ്റ്റിക്കാണ് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും പി.ഡബ്ല്യു.ഡിയുടേയുമായി 2018-19 വര്‍ഷം 495 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനവാണ് ഈ രംഗത്തുണ്ടായിരുന്നത്. 2017-18ല്‍ ഇത് 357 കിലോമീറ്ററും 2016-17ല്‍ വെറും 51 കിലോമീറ്ററുമായിരുന്നു.

പി.ഡബ്ല്യു.ഡി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലാണ് ഷ്രഡഡ് പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ച് ഏറ്റവുമധികം റോഡുകള്‍ നിര്‍മ്മിച്ചത്. ജില്ലയില്‍ വിവിധയിടങ്ങളിലായി 70 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. തദ്ദേശസ്ഥാപന വിഭാഗത്തില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. 95 കിലോമീറ്ററാണിത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയായിരുന്നു ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗത്തില്‍ മുന്നില്‍ നിന്നതെന്നാണ് ക്ലീന്‍ കേരള കമ്പനിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 27,590 കിലോഗ്രാം ഷ്രഡഡ് പ്ലാസ്റ്റിക്കാണ് ടാറിംഗിനായി ഉപയോഗിച്ചത്. തിരുവനന്തപുരമായിരുന്നു രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് പാലക്കാടും തൊട്ടുപിന്നില്‍ തൃശൂരും കോഴിക്കോടുമായിരുന്നു.

മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാന്‍ സാധിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്ലാസ്റ്റിക് ചേര്‍ക്കുന്ന റോഡുകള്‍ കൂടുതല്‍ കാലം നില്‍ക്കും. ഒരു കിലോമീറ്റര്‍ റോഡിന് ഒരു ടണ്‍ പ്ലാസ്റ്റിക്കാണ് ആവശ്യം.

ക്ലീന്‍ കേരള കമ്പനിയാണ് പ്ലാസ്റ്റിക് സംസ്‌കരിച്ചു നല്‍കുന്നത്. ഇതിനായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നത് 50 മൈക്രോണും അതിനു താഴെ കനംവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

2016 നവംബര്‍ 17ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നത്. ‘പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ചുള്ള ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് സെക്ഷന്‍ 98-2013 പ്രകാരം ഹൈ ഡെന്‍സിറ്റി പോളിഎത്തിലീന്‍ (എച്ച്.ഡി.പി.ഇ), ലോ ഡെന്‍സിറ്റി പോളി എത്തിലീന്‍ (എല്‍.ഡി.പി.ഇ) തുടങ്ങിയ കാറ്റഗറിയില്‍ പെടുന്നതും 2.36 എം.എം അരിപ്പയില്‍ കൂടി കടന്നുപോകുന്നതും എന്നാല്‍ 600 മൈക്രോണ്‍ അരിപ്പയില്‍ തങ്ങുന്നതുമായ ഷ്രഡഡ് പ്ലാസ്റ്റിക്കാണ് ടാറിംഗ് പ്രവൃത്തികളില്‍ ഉപയോഗിക്കേണ്ടത്. എച്ച്.ഡി.പി.ഇ, എല്‍.ഡി.പി.ഇ കാറ്റഗറിയില്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഷ്രഡഡ് പ്ലാസ്റ്റിക് ഉരുക്കി ഉപയോഗിച്ച് ടാറിംഗ് ചെയ്യുമ്പോള്‍ അതിന്റെ കെമിക്കല്‍ സ്വഭാവത്തില്‍ കാര്യമായ വ്യതിയാനം വരുന്നതല്ല. അതിനാല്‍ 50 മൈക്രോണും അതിനു താഴെ കനംവരുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഷ്രഡഡ് പ്ലാസ്റ്റിക്കാണ് ടാറിംഗിന് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.’ എന്നാണ് ഉത്തരവില്‍ പറയുന്നത്.

ക്ലീന്‍ കേരളയുടെ വിവിധ ജില്ലകളിലുള്ള 117 മാലിന്യ ശേഖര യൂണിറ്റുകള്‍ വഴിയാണ് (ആര്‍.ആര്‍.എഫ്) പ്ലാസ്റ്റിക് വേര്‍തിരിച്ച് ഷ്രഡ് ചെയ്ത് ഗ്രാന്യൂളുകളായി മാറ്റുന്നത്. ഈ ഗ്രാന്യൂളുകള്‍ പിന്നീട് പ്ലാന്റുകളില്‍ എത്തിച്ച് ടാറുമായി ചേര്‍ത്താണ് റോഡ് നിര്‍മിക്കുന്നത്. 478.6 മില്യണ്‍ ടണ്‍ ഷ്രഡഡ് പ്ലാസ്റ്റിക്കാണ് 2019 മാര്‍ച്ചിനുള്ളില്‍ ക്ലീന്‍ കേരള വിതരണം ചെയ്തത്. 167.87 മില്യണ്‍ ടണ്‍ ഇക്കാലയളവില്‍ കമ്പനിയുടെ കൈവശം സ്റ്റോക്കായുണ്ടെന്നും പദ്ധതി വിശദാംശങ്ങളില്‍ പറയുന്നു.

തദ്ദേശസ്ഥാപനങ്ങള്‍, പി.ഡബ്ല്യു.ഡി എന്നിവ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് പ്ലാസ്റ്റിക് ലഭ്യമാക്കുന്നതെന്ന് ക്ലീന്‍ കേരള സിവില്‍ എന്‍ജിനിയര്‍ എന്‍. സല്‍മ ബീവി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും പിഡബ്ല്യുഡിയും നിര്‍മിക്കുന്ന റോഡുകളില്‍ 20% പ്രവൃത്തികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഉത്തരവാണ് ഈ ഉദ്യമത്തിന് ശക്തിപകര്‍ന്നതെന്നും അവര്‍ പറയുന്നു.