രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്നാണ് ആഗ്രഹം; ഗാന്ധികുടുംബത്തോട് ഒരു വൈകാരിക ബന്ധമുണ്ടെന്ന് എ.കെ ആന്റണി
Kerala News
രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്നാണ് ആഗ്രഹം; ഗാന്ധികുടുംബത്തോട് ഒരു വൈകാരിക ബന്ധമുണ്ടെന്ന് എ.കെ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 3:05 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി. ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം സത്യമായി കാണണം. ആ കുടുംബത്തിനോടുള്ള, കോണ്‍ഗ്രസുകാരുടെ വൈകാരികമായ ബന്ധം ഭയങ്കരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി-രണ്ട് രക്തസാക്ഷികള്‍ ഉള്ള കുടുംബമാണ്. അപ്പോള്‍ ഒരു വൈകാരികമായ ബന്ധമുണ്ടാകും. അവരോടുള്ള ആ വൈകാരിക ബന്ധം രാഹുലിനോടുമുണ്ട്’, ആന്റണി പറഞ്ഞു.

രാഹുലിന് സ്ഥിരതയില്ലെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പിയാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ആന്റണി പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ആന്റണി പറഞ്ഞു.

2020 ആഗസ്റ്റിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് കത്ത് അയച്ചത് കോണ്‍ഗ്രസിനകത്ത് ഭിന്നതയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കത്തയച്ച ഈ 23 നേതാക്കളല്ല കോണ്‍ഗ്രസെന്ന കാര്യം ഓര്‍ക്കണം എന്ന രീതിയിലടക്കമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ഹൈക്കമാന്‍ഡിനെ ദുര്‍ബലപ്പെടുത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അത്തരമൊരു കത്ത് എഴുതാന്‍ കഴിഞ്ഞെന്നാണ് താന്‍ ആലോചിക്കുന്നതെന്നുമാണ് കത്ത് വിവാദത്തില്‍ അന്ന് എ.കെ ആന്റണി പ്രതികരിച്ചത്.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു. കത്തിലെ അക്ഷരത്തേക്കാള്‍ അതിലെ ഉള്ളടക്കം ക്രൂരമായിരുന്നെന്നും കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നയാളാണ് സോണിയയെന്നും ആന്റണി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Wish Rahul Gandhi As the President Of Congress Says A K Antony