പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ബുദ്ധിപരമായ തീരുമാനം: പ്രധാനമന്ത്രിയെ പ്രശംസിച്ച് പി. ചിദംബരം
national news
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ബുദ്ധിപരമായ തീരുമാനം: പ്രധാനമന്ത്രിയെ പ്രശംസിച്ച് പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 12:20 pm

ന്യൂദൽഹി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം.

മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് തെരഞ്ഞെടുത്ത ചില ലക്ഷ്യങ്ങളെ മാത്രം ആക്രമിച്ചുകൊണ്ടുള്ള ഒരു സൈനിക മുന്നേറ്റം അദ്ദേഹം ബുദ്ധിപൂർവ്വം നടത്തിയതെന്നുമാണ് ചിദംബരം പറയുന്നത്.

‘ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് സ്ഥലങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയച്ചു. സിവിലിയൻ ആവാസ വ്യവസ്ഥകളെയോ പാകിസ്ഥാന്റെ സൈനിക സ്വത്തുക്കളെയോ ആക്രമിക്കാതെ ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു അത്. ഒരു ദുരിതബാധിത രാജ്യത്തിന്റെ ന്യായമായ പ്രതികരണമായിരുന്നു അത്,’ ചിദംബരം പറഞ്ഞു.

പാകിസ്ഥാനിലെ സൈനിക മേധാവികൾ വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ ആക്രമണാത്മകമായി തിരിച്ചടിക്കില്ലെന്ന് കരുതുന്നത് നിഷ്കളങ്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടാനും പരിശീലനം നേടാനും പ്രേരിപ്പിക്കാനും സന്നദ്ധരായ യുവാക്കൾ പാകിസ്ഥാനിലുണ്ടെന്നും പാകിസ്ഥാൻ സൈനിക മേധാവികളും ഐ.എസ്‌.ഐയും ഭരണം നടത്തുന്നിടത്തോളം കാലം ഇന്ത്യയ്‌ക്കെതിരായ ഭീഷണി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സായുധ സംഘട്ടനത്തിലും ഇരുവശത്തും ജീവനും സൈനിക ഉപകരണങ്ങളും നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാർ പാകിസ്ഥാനെതിരെ നടത്തിയ പ്രതികരണം അതിന്റെ ഉദ്ദേശം നിറവേറ്റിയെന്ന് കോൺഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ഒപ്പം ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന കോണ്‍ഗ്രസിന്റെ പ്രതികരണങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധി ഭരണവുമായി താരതമ്യം ചെയ്യേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രതികരണം.

ഇപ്പോഴുള്ള സാഹചര്യം 1971ല്‍ നിന്നും വ്യത്യസ്തമാണെന്നും ഭീകരതയ്‌ക്കെതിരെ താക്കീത് നല്‍കുക എന്ന ലക്ഷ്യം കൈവരിച്ചെന്നും തരൂര്‍ പ്രതികരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനിടയില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടായെന്നും 1972ല്‍ ഇന്ദിരാഗാന്ധി അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇപ്പോഴത്തെ ലക്ഷ്യം ഭീകരരെ പാഠം പഠിപ്പിക്കുകയെന്നതായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അതില്‍ ഇന്ത്യ വിജയിച്ചുവെന്നും അതിന് ശേഷം സംഘര്‍ഷം മുന്നോട്ട് കൊണ്ടുപോവുകയെന്നത് യുദ്ധത്തിലേക്ക് നയിക്കുമെന്നും തരൂര്‍ പറഞ്ഞു.

 

Content Highlight: Wise decision: P Chidambaram praises PM Modi for ceasefire deal with Pak