നിങ്ങള്‍ കാത്തിരിക്കുന്നത് എന്റെ മരണമാണോ; ചിന്മയാനന്ദയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി
India
നിങ്ങള്‍ കാത്തിരിക്കുന്നത് എന്റെ മരണമാണോ; ചിന്മയാനന്ദയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി
ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 12:42 pm

ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ലൈംഗികാക്രമണത്തിനിരയായ നിയമ വിദ്യാര്‍ഥിനി.

തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തതെന്നും വിദ്യാര്‍ഥിനി ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം എന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരുകയാണ്. ‘എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. തങ്ങളുടെ മേല്‍ കുറ്റം ചുമത്താനും എസ്.ഐ.ടി ശ്രമിയ്ക്കുന്നു.’ യുവതി ആരോപിച്ചു.

കുറ്റവാളിക്കെതിരെ നടപടിയെടുക്കാതെ യു.പി സര്‍ക്കാര്‍ തന്റെ മരണത്തിനു വേണ്ടി കാത്തിരിയ്ക്കുകയാണെന്നും കേസില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും യുവതി പറഞ്ഞു.

‘ചിലപ്പോള്‍ എന്റെ മരണത്തിനു ശേഷം മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളൂ. മരണശേഷമെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ’ യു.പി സര്‍ക്കാറിനോട് യുവതി ചോദിക്കുന്നതിങ്ങനെയാണ്.

തിങ്കളാഴ്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയിരുന്നു. 20 പേജുള്ള മൊഴിയില്‍ തന്നെ ചിന്മയാനന്ദ് തട്ടിക്കൊണ്ടുപോയതായും ലൈംഗികമായി ആക്രമിച്ചതായും പറയുന്നു.

അറസ്റ്റ് ആസന്നമായപ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് ചിന്മയാനന്ദ് ഒരു കുട്ടിയെപ്പോലെ പെരുമാറുകയാണെന്നും യുവതി ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയില്‍ക്കഴിയുന്ന ചിന്മയാനന്ദിനെ രണ്ടുദിവസം മുന്‍പ് ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഓം സിങ് അറിയിച്ചത്.

ചിന്മയാനന്ദിന്റെ വീട്ടില്‍കൊണ്ടുവന്ന് വെള്ളിയാഴ്ച യുവതിയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.’ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ ഞാന്‍ പറഞ്ഞിരുന്നു.ഹോസ്റ്റല്‍ മുറിയില്‍ വച്ച് എന്റെ കണ്ണടയും ഒരു ചിപ്പും നഷ്ടപ്പെട്ടിട്ടുണ്ട്.

ചിന്മയാനന്ദയുടെ മുറിയില്‍ നിന്നും മദ്യകുപ്പികളും തലയിണകളും നീക്കം ചെയ്തതിനെക്കുറിച്ചും താന്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.