കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; കുട്ടികളുടെ പഠന ചെലവ് വഹിക്കും: ടി.വി.കെ
India
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; കുട്ടികളുടെ പഠന ചെലവ് വഹിക്കും: ടി.വി.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 12:18 pm

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ട 41 പേരുടെ കുടുംബങ്ങളെയും ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. ടി.വി.കെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് പാര്‍ട്ടി കമ്മിറ്റി അറിയിച്ചു. ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും ടി.വി.കെ പ്രഖ്യാപിച്ചു.

ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സഹായധനം നല്‍കും. പ്രതിമാസം 5,000 രൂപ നല്‍കാന്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ നല്‍കുമെന്നും ടി.വി.കെ അറിയിച്ചു.

ഒക്ടോബര്‍ 17ന് ടി.വി.കെ അധ്യക്ഷന്‍ വിജയ്‌യും മറ്റു നേതാക്കളും കരൂര്‍ സന്ദര്‍ശിക്കും. ഇന്നലെ (തിങ്കള്‍) കരൂര്‍ ദുരന്തത്തില്‍ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ടി.വി.കെയുടെ പ്രഖ്യാപനങ്ങള്‍.

വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെയും ബി.ജെ.പി കൗണ്‍സിലര്‍മാരും ദുരന്തബാധിതരും നല്‍കിയ അഞ്ച് ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

നേരത്തെ കരൂര്‍ ദുരന്തം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി.വി.കെയുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ടി.വി.കെ സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത് ഉചിതമാകില്ലെന്നും കൃത്യമായ കാര്യങ്ങള്‍ വെളിച്ചത്ത് വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സെപ്തംബര്‍ 26ന് വിജയ്‌യുടെ നേതൃത്വത്തില്‍ നടന്ന ടി.വി.കെ റാലിക്കിടയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേരായിരുന്നു മരണപ്പെട്ടത്.

പരിപാടിയിലേക്ക് വിജയ് വൈകി വന്നതും ആളുകള്‍ക്കിടയിലേക്ക് വെള്ളകുപ്പികള്‍ എറിഞ്ഞു നല്‍കിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. ശ്വാസം തടസവും നിലത്ത് വീണതിന്റെ ഭാഗമായുണ്ടായ പരിക്കുമാണ് ഭൂരിഭാഗം ആളുകളുടെയും മരണകാരണം.

Content Highlight: Will take over the families of those who died in the Karur tragedy: TVK