കരാക്കസ്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണിയെ ശക്തമായി ചെറുക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
കരാക്കസ്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണിയെ ശക്തമായി ചെറുക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
കരീബിയനില്‍ സൈനിക വിന്യാസം നടത്തിയ അമേരിക്കയ്‌ക്കെതിരെ വെനസ്വേലയുടെ സംഘടിതശക്തി സജ്ജമായിക്കഴിഞ്ഞെന്നും തന്റെ ടെലിവിഷന്‍ പരിപാടിയുടെ 89ാമത് പതിപ്പില്‍ അദ്ദേഹം പ്രഖ്യാപിച്ചു. പെട്രോളിങ് നടത്താന്‍ രാജ്യത്തിന്റെ തീരപ്രദേശത്ത് യുദ്ധക്കപ്പലുകളും ഡ്രോണുകളും വിന്യസിച്ചുവെന്നും മഡുറോ പറഞ്ഞു. അമേരിക്കയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ചരിത്രത്തിലും പാരമ്പര്യത്തിലും വേരൂന്നിയ ധാര്‍മികയാണ് വെനസ്വേലയുടെ കരുത്തെന്നും സമാധാനവും പരമാധികാരവും സംരക്ഷിക്കാന്‍ ഒരൊറ്റ പദ്ധതി പ്രകാരം ജനങ്ങളെയും ബൊളിവറിയന്‍ ദേശീയ സായുധ സേനയെയും പൊലീസിനെയും അണിനിരത്തിയത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ നീക്കം വെനസ്വേലക്ക് മാത്രമല്ല, എല്ലാവരുടെയും സമാധാനത്തിന് ഭീക്ഷണിയാണെന്ന് പറഞ്ഞ നിക്കോളാസ് മഡുറോ, ഇതിനെതിരെ രാജ്യം സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
കരീബിയയിലെ യു.എസ് സൈനിക വിന്യാസം ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വെനസ്വേല ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കഴിഞ്ഞയാഴ്ച വെനസ്വേലയിലേക്ക് മൂന്ന് യുദ്ധക്കപ്പലുകളും 4000 മറൈന്‍ സൈനികരെയും അമേരിക്ക അയച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
അമേരിക്കന്‍ ഭീഷണിക്ക് മറുപടിയായി ബൊളിവറിയന്‍ ദേശീയസേനയെ രംഗത്തിറക്കിയിരുന്നു. വെനസ്വേലയുടെ മുഴുവന്‍ പ്രദേശത്തുമായി 45 ലക്ഷത്തോളം സേനാംഗങ്ങളെയാണ് സജീവമാക്കിയത്.
മേഖലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെയെന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലക്കെതിരെയുള്ള അമേരിക്കന്‍ സൈനികനീക്കം.
മയക്കുമരുന്ന് കേസില്‍ മഡുറോയെ പിടികൂടുന്നതിന് പകരമായി അമേരിക്ക അടുത്തിടെ പ്രതിഫലം 50 മില്യണ്‍ ഡോളറായി ഉയർത്തിയിരുന്നു.
വെനസ്വേലയില്‍ മയക്കുമരുന്ന് ഉല്‍പാദനവും വിതരണവും കേന്ദ്രീകരിച്ചതിനോ മഡുറോയുമായി ബന്ധമുണ്ടെന്നതിനോ യു.എസ് ഏജന്‍സിയോ അന്താരാഷ്ട്ര സ്ഥാപനമോ ഒരു തെളിവും ഹാജരാക്കിയിട്ടില്ല.
Content Highlight: Will strongly resist American threat; Warships and drones deployed: Venezuelan President