ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്‌റാന്‍ മംദാനിക്ക് ആശംസകളുമായി ന്യൂയോര്‍ക്ക് കോണ്‍ഗ്രഷണല്‍ ജില്ലാപ്രതിനിധി അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടസ്.
മംദാനിയുടെ വിജയം സൂചിപ്പിക്കുന്നത് ഇനിയും പലതും യു.എസില്‍ സാധ്യമാകുമെന്ന് തന്നെയാണെന്ന് കോര്‍ട്ടസ് പ്രതികരിച്ചു.
ഡെമോക്രാറ്റിക് അംഗമായ കോര്‍ട്ടസ് ട്രംപ് ന്യൂയോര്‍ക്കിനെതിരെ പലപ്പോഴായി ഉയര്‍ത്തിയ ഭീഷണികളെ കുറിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയ ആദ്യ പ്രതികരണത്തില്‍ അലക്‌സാന്‍ഡ്രിയ സംസാരിച്ചു.
എന്നാല്‍, ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഒന്നിച്ചുനിന്നു. നിങ്ങള്‍ക്ക് ന്യൂയോര്‍ക്കിനെ ഭീഷണിപ്പെടുത്താനാകില്ലെന്ന നിലപാടെടുത്തു’, അലക്‌സാന്‍ഡ്രിയ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ മംദാനിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അവര്‍ വിശദീകരിച്ചു. ന്യൂയോര്‍ക്ക് മുന്നോട്ട് സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കും. ഇവിടെയുള്ള ഓരോ മാതാപിതാക്കള്‍ക്കും ‘ബേബി ബോക്‌സ്’ ലഭ്യമാക്കണം.
ആരോഗ്യമേഖലയെ എല്ലാവര്‍ക്കും താങ്ങാനാകുന്ന വിധത്തില്‍ ചെലവുകുറഞ്ഞതാക്കും. വിലക്കയറ്റത്തെ തടഞ്ഞ് അവശ്യസാധനങ്ങളുടെ വില കുറയ്ക്കും.
വൈറ്റ് ഹൗസിലെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ നിലകൊള്ളും. അതാണ് ഇന്ന് ഡെമോക്രാറ്റുകളുടെ ലക്ഷ്യം.
പക്ഷേ അതിനായി ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പിന്തുണയും വേണം. എല്ലാവരും മുന്നോട്ട് വരണം. ഇതൊന്നും പാഴ് വാഗ്ദാനങ്ങളല്ല.
ഒരു മേയറിനെ തെരഞ്ഞെടുത്തു അദ്ദേഹത്തെ മാത്രം ഏല്‍പ്പിക്കാവുന്ന കാര്യങ്ങളുമല്ല. ഓരോരുത്തരുടെയും പങ്കാളിത്തം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടസ് പറഞ്ഞു.
അതേസമയം, ന്യൂയോര്‍ക്കിലെ നൂറ് വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഏറ്റവും പ്രായം കുറഞ്ഞ മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ വംശജനും മുസ്‌ലിം വിശ്വാസിയും ഇടതുപക്ഷ ആശയക്കാരനും പരസ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത മംദാനിയുടെ വിജയം റിപ്പബ്ലിക്കന്‍സിനും പ്രസിഡന്റ് ട്രംപിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.
1969ന് ശേഷം ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ന്യൂയോര്‍ക്കിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയത്.