എഡിറ്റര്‍
എഡിറ്റര്‍
സേലത്ത് പോയി ഹാദിയയെ കാണും: ഷെഫിന്‍ ജഹാന്‍
എഡിറ്റര്‍
Tuesday 28th November 2017 3:14pm

ന്യൂദല്‍ഹി: സേലത്തെ കോളേജിലെത്തി ഹാദിയയെ താന്‍ കാണുമെന്ന് ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സേലത്തെ ബി.എച്ച്.എം.എസ് കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കൂടിക്കാഴ്ച. ഹാദിയയെ കാണുന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായി കോടതിയില്‍ സമീപിക്കേണ്ട ആവശ്യമില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ വാദം അടിസ്ഥാന രഹിതമാണെന്നും ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഷെഫിന്‍ ജഹാന്‍ ദല്‍ഹിയില്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ വിശ്വാസമുണ്ട്. തനിക്കൊപ്പം വിട്ടയയ്ക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ എല്ലാം ഉണ്ടെന്നും ഷെഫിന്‍ പറഞ്ഞു.

കോടതിവിധിയില്‍ തൃപ്തിയുണ്ടെന്നും പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്നും ഹാദിയയും പ്രതികരിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് കേരള ഹൗസില്‍ നിന്നു പോലീസ് സുരക്ഷയില്‍ ഹാദിയ ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നു ഉച്ചക്ക് 1.20നുള്ള ഇന്റിഗോ വിമാനത്തില്‍ ഹാദിയ കോയമ്പത്തൂരിലേക്ക് പോയി.

സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി ഹാദിയക്ക് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ഹാദിയയെ പുനപ്രവേശിപ്പിക്കണമെന്ന് സേലത്തെ കോളേജിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Advertisement