സംസ്ഥാന പദവി ലഭിക്കാന്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് ഞാന്‍ മുഖ്യമന്ത്രി പദവി രാജിവെക്കുന്നത്: ഒമര്‍ അബ്ദുല്ല
national news
സംസ്ഥാന പദവി ലഭിക്കാന്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് ഞാന്‍ മുഖ്യമന്ത്രി പദവി രാജിവെക്കുന്നത്: ഒമര്‍ അബ്ദുല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 5:38 pm

ശ്രീനഗര്‍: കശ്മീരിന്റെ സംസ്ഥാന പദവിക്കായി താന്‍ ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആനന്ത് നാഗ് ജില്ലയിലെ അച്ചാബലില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് സംസ്ഥാന പദവിക്കായി താന്‍ ഒരു രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന് ഒമര്‍ അബ്ദുല്ല വ്യക്തമാക്കിയത്.

‘നിങ്ങള്‍ (ജനങ്ങള്‍) തയ്യാറാണെങ്കില്‍ എന്നോട് പറയൂ, കാരണം ഇത്തരത്തില്‍ ഒരു കൊടുക്കല്‍ വാങ്ങലിനും ഞാനില്ല. ഇതില്‍ ബി.ജെ.പിയെ ഉള്‍പ്പെടുത്തണമെന്നാണെങ്കില്‍ നിങ്ങള്‍ക്ക് എന്റെ രാജി സ്വീകരിക്കാം. ഇവിടെയുള്ള ഏതെങ്കിലും എം.എല്‍.എയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കൂ,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ നേരത്തെ തന്നെ സംസ്ഥാന പദവി ലഭിക്കുമായിരുന്നു എന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.

‘ബി.ജെ.പിയെ ഈ സര്‍ക്കാരിന്റെ ഭാഗമാക്കണമായിരുന്നോ? ബി.ജെ.പിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ നമുക്ക് ഒരു സമ്മാനം തരുമായിരുന്നു. അവര്‍ നേരത്തെ തന്നെ നമുക്ക് സംസ്ഥാന പദവി നല്‍കുമായിരുന്നു,’ ഒമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ഷെഡ്യൂള്‍ ആറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24നാണ് ലഡാക്കില്‍ ഒരു വിഭാഗം ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രതിഷേധക്കാര്‍ ബി.ജെ.പി ഓഫീസിന് തീവെക്കുകയും ചെയ്തിരുന്നു.

പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതില്‍ നാല് പേര്‍ മരിക്കുകയും 90ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും 15ഓളം പേരും നടത്തിയ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചായിരുന്നു ഈ പ്രതിഷേധം.

സോനം വാങ്ചുക്കാണ് സംഘര്‍ഷത്തിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പിന്നാലെ, സെപ്റ്റംബര്‍ 26ന് പ്രകോപനമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു.

 

Content Highlight: Omar Abdullah says he will resign rather than ally with BJP for statehood restoration