പണിമുടക്കില്‍ പങ്കെടുക്കും; നോട്ടീസ് നല്‍കിയിരുന്നു; മന്ത്രിയെ തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
All India Strike
പണിമുടക്കില്‍ പങ്കെടുക്കും; നോട്ടീസ് നല്‍കിയിരുന്നു; മന്ത്രിയെ തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 12:12 pm

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ നാളെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍. സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് യൂണിയനുകളുടെ പ്രതികരണം.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.ഡി.എഫ് യൂണിയനുകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് അറിയിച്ച് സി.എം.ഡിക്ക് നോട്ടീസ് നല്‍കി. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സംഘടനകള്‍ വ്യക്തമാക്കി.

ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചത്. യൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് നോട്ടീസുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പണിമുടക്കില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും എപ്പോഴും സമരം നടത്താവുന്ന സാഹചര്യമല്ല കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Will participate in national strike says KSRTC Unions