ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല, ചെയ്യാന്‍ സാധിക്കുന്നത് മാത്രമേ പറയൂ: ധനമന്ത്രി
Kerala News
ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല, ചെയ്യാന്‍ സാധിക്കുന്നത് മാത്രമേ പറയൂ: ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th October 2025, 12:59 pm

തിരുവനന്തപുരം: നടപ്പിലാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രഖ്യാപനങ്ങളെല്ലാം തന്നെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്, ആത്മവിശ്വാസമില്ലെങ്കില്‍ താന്‍ ഒന്നും പറയാറില്ല, ഈ ആത്മവിശ്വാസം ധനവകുപ്പിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇതിലും വലിയ പ്രഖ്യാപനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ട്, അതു നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു.

കൊവിഡിന്റെ സമയവും കേന്ദ്രത്തിന്റെ വലിയ തോതിലുള്ള കടുംവെട്ടും നടന്ന സമയമായിരുന്നു അത്. എങ്കിലും നല്ല നിലയില്‍ അതു നടപ്പിലാക്കാന്‍ സാധിച്ചു. ഇപ്പോഴും സര്‍ക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല.

ഇത് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിനുള്ള കാര്യങ്ങള്‍ കണ്ടിട്ടുതന്നെയാണ് ചെയ്യുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കും,’ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യത്തിന്റെയും പെട്രോളിന്റെയും ടാക്സ് വര്‍ധിപ്പിച്ച് എന്തായാലും ഇത്രയും പണം ഉണ്ടാക്കാന്‍ കഴിയില്ല. കിട്ടാനുള്ള പണം ഫലപ്രദമായി കളക്ട് ചെയ്യുക എന്നതാണ് പ്രധാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലും ഉത്തരവാദിത്തപൂര്‍ണമായ നിലപാടു തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ക്ഷേമപെന്‍ഷനുകള്‍ അടക്കം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കാനുള്ള പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്ക്(പിങ്ക് , മഞ്ഞ കാര്‍ഡില്‍ ഉള്‍പ്പെട്ട സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കാത്ത 35 വയസ് മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക്)അനുവദിക്കും. യുവാക്കള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രതിവര്‍ഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്‌കില്‍ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് വഴിയാണ് സഹായം ലഭ്യമാക്കുക.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

ആശമാരുടെ ഓണറേറിയം 1000 രൂപ കൂടി ഉയര്‍ത്തി. ഇതുവരെയുള്ള കുടിശികയും നല്‍കും.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി 1600 രൂപയില്‍ നിന്നും 200 രൂപയാക്കി.

സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കാനുള്ള പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്ക് അനുവദിക്കും.

യുവാക്കള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രതിവര്‍ഷ വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ഒരു ഗഡു ഡി.എ കുടിശിക നാല് ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ അനുവദിക്കണം.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം 100 രൂപ കൂടി വര്‍ധിപ്പിക്കും. 65,240 പേര്‍ക്കാണിത് പ്രയോജനപ്പെടുക.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കുകയും കുടിശിക നല്‍കുകയും ചെയ്യും. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും.

റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്നും 200 ആക്കി ഉയര്‍ത്തും.

നെല്ലിന്റെ സംഭരണ വില 28.20ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കും.

 

Content Highlight: Will not impose excessive burden on the people, we will only tell them what can be done: KN Balagopal