സര്‍ക്കാര്‍ സമ്മര്‍ദമുണ്ടായിട്ടില്ല; വിരമിക്കലിന് ശേഷം ഒരു പദവിയും വഹിക്കില്ല; ഗോത്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും: ബി.ആര്‍. ഗവായ്
India
സര്‍ക്കാര്‍ സമ്മര്‍ദമുണ്ടായിട്ടില്ല; വിരമിക്കലിന് ശേഷം ഒരു പദവിയും വഹിക്കില്ല; ഗോത്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും: ബി.ആര്‍. ഗവായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 2:46 pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും ഞായറാഴ്ച ഔദ്യോഗികമായി പടിയിറങ്ങി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. വിധി ന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ പുറത്തുനിന്നുള്ള സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള സമ്മര്‍ദങ്ങളും തനിക്കുണ്ടായിരുന്നില്ലെന്ന് ഗവായ് പറഞ്ഞു.

ന്യായാധിപനായിരുന്ന ഒരു കാലത്തും തനിക്ക് അത്തരത്തിലുള്ള സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ലെന്നും, വെറുതെ പറയുന്നതല്ല ഇക്കാര്യമെന്നും ഗവായ് വിശദീകരിച്ചു.

വിരമിക്കല്‍ ദിനത്തില്‍ സുപ്രീം കോടതിയില്‍ വെച്ച് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വിരമിക്കലിന് ശേഷം ഔദ്യോഗികമായി ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ഗവായ് പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച അദ്ദേഹം, ഇപ്പോള്‍ അങ്ങനെയൊരു തീരുമാനവും എടുത്തിട്ടില്ലെന്നും വിശദമാക്കി.

ബില്ലുകളുടെ സമയപരിധി സംബന്ധിച്ച് കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്നും വിഷയങ്ങളുടെ ഗൗരവമനുസരിച്ചായിരിക്കും ഓരോ ബില്ലിനും സമയമെടുക്കുകയെന്നും ഗവായ് പറഞ്ഞു.

സംസ്ഥാനങ്ങളുടെ വിഷയങ്ങളും അവയുടെ ഗൗരവവും വ്യത്യസ്തമായിരിക്കും. ഓരോ ബില്ലിനും ഓരോ സമയമായിരിക്കും വേണ്ടി വരിക. അങ്ങനെയെങ്കില്‍ കൃത്യമായ ഒരു സമയപരിധി നിശ്ചയിക്കുന്നത് അസാധ്യമാണ്.

ചില ബില്ലുകള്‍ക്ക് മൂന്ന് മാസത്തിലേറെ സമയമെടുത്തേക്കാം. വിഷയത്തില്‍ അന്തിമമായി തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബില്ലുകളെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജുഡീഷ്യല്‍ അവലോകനത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞദിവസം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഫെയര്‍വെല്‍ ചടങ്ങില്‍ വെച്ച് താന്‍ പുറപ്പെടുവിച്ചതില്‍ വെച്ച് ഏറ്റവും സുപ്രധാനമായി തോന്നിയ വിധി ന്യായത്തെ കുറിച്ചും ഗവായ് തുറന്നുപറഞ്ഞിരുന്നു. ബുള്‍ഡോസര്‍രാജിന് എതിരായുള്ള വിധിയെയാണ് അദ്ദേഹം സുപ്രധാനമെന്ന് വിശേഷിപ്പിച്ചത്.

ജോലികളില്‍ സംവരണം നല്‍കുന്നതിനായി സാമ്പത്തികം ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് എസ്.സി, എസ്.ടി വിഭാഗങ്ങളെ ഉപ-വര്‍ഗീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന വിധിയും പ്രധാനപ്പെട്ട ഒന്നാണെന്ന് ഗവായ് അഭിപ്രായപ്പെട്ടിരുന്നു.

പട്ടികജാതിക്കാരിലെ ക്രീമിലെയര്‍ വിഭാഗത്തെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

ബുള്‍ഡോസര്‍ രാജ് നിയമവാഴ്ചയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. ഒരു വ്യക്തിക്കെതിരെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിന്റെ പേരിലോ അല്ലെങ്കില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ പേരിലോ എങ്ങനെ ഒരു വീട് പൊളിക്കാന്‍ സാധിക്കും? ആ വ്യക്തിയുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും തെറ്റ് എന്താണ്? പാര്‍പ്പിടത്തിനുള്ള അവകാശം മൗലികാവകാശമാണെന്നും ഗവായ് പറഞ്ഞിരുന്നു.

Content Highlight: Never Felt pressure from the government; Will not hold any post after retirement; Will work among the tribes: B.R. Gavai