ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധികള്‍ക്ക് അനുഗുണമല്ലാത്ത വിധത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കുന്നതിനു പകരം ഡസ്‌കില്‍ വിതറി കൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ആധുനിക മലയാള സമൂഹം പ്രതികരിച്ചത് നമ്മുടെ വിമര്‍ശനാത്മക ബോധത്തിന് ഇപ്പോഴും പരിക്കൊന്നും പറ്റിയിട്ടില്ല എന്നതിന്റെ മറ്റൊരടയാളമാണ്.
‘പതിനാല് വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്ക് ചെന്നു. മണ്ണില്‍ കുഴിച്ചു കഞ്ഞി ഒഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടി ഉണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ പറഞ്ഞു വീട്ടുകാര്‍. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെയും കടിച്ചു മാറ്റി’.
ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്കൊരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ ഉള്ളില്‍ ഒരു വിമര്‍ശനാത്മക ബോധമുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക ശാസ്ത്ര വിദഗ്ധനും, ദളിത് ചിന്തകനുമായ ഡോ.കുഞ്ഞാമന്റെ ആത്മകഥയയിലെ ഒരു ഭാഗമാണിത്.
എതിര് എന്ന കുഞ്ഞാമന്റെ ആത്മകഥയിലെ ബാല്യകാലത്തിലാണ് പട്ടി കടിച്ചുണ്ടായ മുറിവിലെ ചോരയും, കഞ്ഞിയും കൂടിക്കലര്‍ന്ന ദ്രാവകം കുടിക്കുന്നതിനെ പറ്റി നാം വായിക്കുക. നമ്മുടെ കേരളത്തിന്റെ സാമൂഹ്യ ശരീരം എത്രമാത്രം മനുഷ്യത്വ വിരുദ്ധമായിരുന്നു എന്നതിന്റെ ചരിത്രരേഖ കൂടിയാണിത്.
പട്ടിക്കും, പൂച്ചയ്ക്കും ഉണ്ടായിരുന്ന വിലപോലുമില്ലാത്ത മനുഷ്യജീവിതത്തോടുള്ള വിമര്‍ശന ചിന്തയാണ് വ്യവസ്ഥയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് നമ്മുടെ പൂര്‍വികര്‍ക്ക് നല്‍കിയത്. ഒരു വ്യക്തിയില്‍ നിന്നും, സമൂഹത്തിലേക്ക് പ്രവഹിച്ച ഈ വിമര്‍ശനാത്മക ചിന്തയാണ് നവോത്ഥാനമായി മാറിയത്.
കേരളീയ നവോത്ഥാനവും, അതിന്റെ തുടര്‍ച്ചകളും നമ്മുടെ സമൂഹത്തിലെ മനുഷ്യത്വ വിരുദ്ധമായ നിയമവ്യവസ്ഥകളെ തിരുത്തി എഴുതുകയായിരുന്നു. കുഞ്ഞാമന്റെ എതിരിലെ ഈ സന്ദര്‍ഭം വായിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥത, നമുക്കിപ്പോഴും വിമര്‍ശനാത്മക ചിന്ത കൈമോശം വന്നിട്ടില്ല എന്നതിന്റെ തെളിവായി കണക്കാക്കാവുന്നതാണ്.
കുഞ്ഞാമന്റെ ബാല്യകാലത്ത് സംഭവിച്ച ദുരനുഭവം ഇന്നത്തെ കേരളത്തില്‍ വീണ്ടും പുതിയൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ എല്‍പി സ്‌കൂളില്‍ എത്തിയ ബിജെപി നേതാവും, കഴക്കൂട്ടം എം.എല്‍.എയുമായ വി. മുരളീധരന്‍ കഞ്ഞിക്ക് പകരം മിഠായി വിതറി കൊണ്ടാണ് ആധുനിക ജന്മിയാകാന്‍ ശ്രമിച്ചത്.
ആധുനിക കേരളത്തിന് മുകളിലൂടെയുള്ള ചാതുര്‍വര്‍ണ്യത്തിന്റെ ചര്‍ദ്ദിലായാണ് ഇതിനെ നാം നോക്കി കാണേണ്ടത്. കേരളത്തില്‍ നിലനിന്നിരുന്ന ജാതിശ്രേണിയുടെ ഭാഗമായി ഓരോ ജാതിക്കാരനും സവര്‍ണ്ണ മേധാവിത്വത്തിന് മുന്നില്‍ വന്നു നില്‍ക്കാന്‍ ‘അടി’ കണക്ക് ഉണ്ടായിരുന്നു.
കുട്ടികള്‍ക്ക് മിഠായി ഡെസ്‌ക്കില്‍ തട്ടിക്കൊടുക്കുന്ന എം.എല്‍.എ വി. മുരളീധരന്‍ Photo: Facebook
നിശ്ചിത ദൂരം ഓരോ ജാതിക്കാര്‍ക്കുമായി തിട്ടപ്പെടുത്തി തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിര്‍ത്തി അയിത്തം ആചരിച്ചു പോന്നിരുന്നു. ‘നമ്മള്‍ ഓര്‍ക്കുക നമ്മള്‍ എങ്ങനെ നമ്മളാണെന്ന്’ എന്ന് കടമ്മനിട്ട പാടിയിട്ടുണ്ടെങ്കിലും മുന്‍കാല ചരിത്രം കേള്‍ക്കുന്നതിന് ഇപ്പോള്‍ നമുക്ക് വേണ്ടത്ര താല്പര്യമില്ല എന്നത് വസ്തുതയാണ്.
എങ്കിലും ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധികള്‍ക്ക് അനുഗുണമല്ലാത്ത വിധത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കുന്നതിനു പകരം ഡസ്‌കില്‍ വിതറി കൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ആധുനിക മലയാള സമൂഹം പ്രതികരിച്ചത് നമ്മുടെ വിമര്‍ശനാത്മക ബോധത്തിന് ഇപ്പോഴും പരിക്കൊന്നും പറ്റിയിട്ടില്ല എന്നതിന്റെ മറ്റൊരടയാളമാണ്.
ജാതി വ്യവസ്ഥതയുടെ ഇരുണ്ട ഭൂതകാലത്തില്‍ നിന്നും മതനിരപേക്ഷ വെളിച്ചമുള്ള ആധുനിക സമൂഹത്തെ സൃഷ്ടിച്ചു എന്നതാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ സവിശേഷത. ജാതീയവും, മതപരവും, സാമ്പത്തികവുമായ വേര്‍തിരിവുകളെ ഇല്ലാതാക്കി എല്ലാവര്‍ക്കും ഒരുപോലെ വിദ്യാഭ്യാസം നേടാനാവുന്നതിന്റെ കേരള മോഡല്‍ ആഘോഷം കൂടിയാണ് സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍.
സ്‌കൂള്‍ പ്രവേശനോത്സവം Photo: Education Mission
‘മതരഹിതരായി ഒന്നിച്ചിരുന്നു നാം’ എന്ന് കുരീപ്പുഴ പാടിയത് കേരളത്തിലെ സ്‌കൂളുകളെ കുറിച്ചാണ്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, അന്യായമായ ഭൂവുടമസ്ഥത തുടങ്ങിയവയെല്ലാം തകര്‍ത്തെറിഞ്ഞത് നമ്മുടെ സാമൂഹ്യമായ വിമര്‍ശനാത്മക ചിന്തയിലൂടെയാണ്. ഈ വിമര്‍ശനാത്മക ചിന്തയെ പുരോഗന വിദ്യാഭ്യാസമായി രൂപപ്പെടുത്തി എന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസത്തെ വ്യത്യസ്തമാക്കുന്നത്.
നിലവിലുള്ള വ്യവസ്ഥകളെ തുടരാന്‍ പരിശീലിപ്പിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് പറഞ്ഞത് പൗലോ ഫെയറാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി നിലവിലുള്ള വ്യവസ്ഥകളെ ചോദ്യം ചെയ്യാനും, മാറ്റിമറിക്കാനും ശേഷിയുള്ള തലമുറയെ സൃഷ്ടിക്കാനാണ് കേരളത്തിലെ പുരോഗമന വിദ്യാഭ്യാസം ശ്രമിച്ചത്. ഈ വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്കുള്ള പിന്തുണ കൂടിയായാണ് കേരളത്തിലെ ബി.ജെ.പി നേതാവിന്റെ മിഠായി വിതരണത്തെ കാണേണ്ടത്.
നവോത്ഥാനത്തിലൂടെ നാം പിഴുതെറിയാന്‍ ശ്രമിച്ചുവെങ്കിലും നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ജാതി മേധാവിത്വം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവായാണ് ഈ സന്ദര്‍ഭത്തിലെ കേരളത്തിന്റെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി തുളസിയുടെ പ്രതിരോധരഹിതമായ ചിരിയെ നാം നോക്കി കാണേണ്ടത്.
വിദ്യാഭ്യാസവും, അധികാരവും നേടിയാലും ജാതി ശ്രേണിയിലൂടെ നിലനില്‍ക്കുന്ന അകലത്തെ മറികടക്കാന്‍ ഇവര്‍ക്കായിട്ടില്ല എന്ന വസ്തുതയാണ് ഇവിടെ നമ്മുടെ മന്ത്രി പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ സാംസ്‌കാരത്തില്‍ കലര്‍ന്ന ഈ ജാതി ബോധത്തെയും, ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും പൂര്‍ണ്ണമായും പുറന്തള്ളാന്‍ പുതിയ തലമുറക്കെങ്കിലും കഴിയേണ്ടതുണ്ട്.
ഇന്ത്യയിലുടനീളം സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചാതുര്‍ വര്‍ണ്യ രാഷ്ട്രീയം മുന്‍കാലങ്ങളില്‍ പരാജയപ്പെടുത്തിയത് പോലെ തന്നെ ആധുനിക കാലത്തും അകറ്റി നിര്‍ത്താന്‍ പുതിയ തലമുറയില്‍ വിമര്‍ശനാത്മക ചിന്ത രൂപപ്പെടുത്തിയല്ലാതെ സാധ്യമാവുകയില്ല.
പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനത്തിലൂടെ അയ്യങ്കാളി രൂപപ്പെടുത്തിയ വിമര്‍ശനാത്മക ചിന്തയാണ് ജാതിയുടെ വേലിക്കെട്ടുകളെല്ലാം മറികടന്നുകൊണ്ട് സ്‌കൂളുകളിലെത്താന്‍ എല്ലാവരെയും സഹായിച്ചതെങ്കില്‍, അയ്യങ്കാളി മെമ്മോറിയല്‍ സ്‌കൂളിലെ ഈ സംഭവം ജാതി വെറിയെ അടിച്ചു പുറത്താക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് കേരളത്തിന്റെ പുതുതലമുറയ്ക്ക് നല്‍കേണ്ടത്.
കുട്ടികളോട് അയിത്ത മനോഭാവത്തോടെ പെരുമാറിയ ബി.ജെ.പി നേതാവ് ജാതി ശ്രേണിയില്‍ താഴെയാണ് എന്ന് കരുതുന്ന വിഭാഗക്കാരോടെല്ലാം സ്വീകരിക്കുന്ന സമീപനം ഇതു തന്നെയാണ്. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഈ പ്രത്യയശാസ്ത്രം മനസ്സിലാക്കാതെയാണ് കയ്യിലൊരു ചരട് കെട്ടി ചാതുര്‍വര്‍ണ്യ ശ്രേണിയുടെ മുകളില്‍ എത്താന്‍ പലരും വൃഥാ ശ്രമിക്കുന്നത്.
സംഘപരിവാറിന്റെ ദളിത് കീഴാള വിരുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിയാനും, ആധുനിക സമൂഹത്തിന് യോജിക്കാത്ത വ്യവസ്ഥകളെ പുറന്തള്ളാനും നമ്മുടെ ചിന്തയില്‍ ‘എതിര്’ രൂപപ്പെടുത്താന്‍ ഇതിലൂടെ നമുക്കാവണം. നവോത്ഥാനം ശരിയായി ഉപയോഗപ്പെടുത്തിയ ഈ വിമര്‍ശനാത്മക ചിന്ത മലയാളികള്‍ക്കുള്ള ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ജാതിരഹിതമായ ഒരു സമൂഹത്തിലേക്കുള്ള ചുവടുവെപ്പിനായുള്ള ഭൗതിക ശക്തിയായി ഈ ആശയത്തെ പരിവര്‍ത്തനപ്പെടുത്താനുമാവണം.
Content Highlight: Will Kerala, which defeated untouchability, forgive the ‘theendal’, a Write up
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.