ഇസ്‌ലാമാബാദ്: ഇറാനെതിരെ യു.എസ്, ഇസ്രഈല്‍ സംയുക്ത സേന നടത്തുന്ന ആക്രമണവും പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍.
വിഷയം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാര്‍ പാകിസ്ഥാനില്‍ ഞായറാഴ്ച യോഗം ചേര്‍ന്നു. വരും ദിവസങ്ങളില്‍ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാനും സൗകര്യമൊരുക്കാനും തയ്യാറാണെന്ന് നാലുരാജ്യങ്ങളുടെ യോഗത്തിന് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ അറിയിച്ചു.
ഇസ്‌ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രാദേശിക വിഷയങ്ങളെക്കുറിച്ചും മേഖലയിലെ യുദ്ധം നേരത്തെയും സ്ഥിരമായും അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്ന് പാക് വിദേശകാര്യ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
ഇസ്‌ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് സൗദി, തുര്‍ക്കി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതായും ദാര്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും ഫോണില്‍ സംസാരിച്ചതായും അവരും പാകിസ്ഥാന്റെ സംരംഭത്തിന് പിന്തുണ അറിയിച്ചതായും പാക് മന്ത്രി അറിയിച്ചു.
ചര്‍ച്ച വളരെ ഫലപ്രദമായിരുന്നുവെന്നും യുദ്ധം ആര്‍ക്കും അനുകൂലമല്ലെന്നും മരണത്തിലേക്കും നാശത്തിലേക്കും മാത്രമേ നയിക്കൂവെന്നും ദാര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. യുദ്ധ സമയത്ത് മുസ്‌ലിം സ്വത്വത്തിന്റെ ഐക്യം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്ക് ഇറാനും അമേരിക്കയും പൂര്‍ണ പിന്തുണയും ആത്മവിശ്വാസവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ചര്‍ച്ചകള്‍ സാധ്യമാക്കുമെന്ന് ഇറാനും യു.എസും പാകിസ്ഥാനില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ പാകിസ്ഥാന്‍ വളരെ സന്തുഷ്ടരാണ്. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാനും സൗകര്യമൊരുക്കാനും കഴിയുന്നത് പാകിസ്ഥാന് ബഹുമതിയായിരിക്കും,’പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു.
ഇറാന് നേരെയുള്ള ആക്രമണത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് യോഗം സംഘടിപ്പിക്കുന്നതിനായി യു.എസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പാകിസ്ഥാന്‍ തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തുര്‍ക്കി, സൗദി, ഈജിപ്ത് പ്രതിനിധികള്‍ മടങ്ങിയതോടെ ചര്‍ച്ചകള്‍ നീളുമെന്നാണ് സൂചന. എന്നുമുതലാണ് ചര്‍ച്ചകളെന്നത് സംബന്ധിച്ച് വ്യക്തതതയില്ല.
യു.എസും ഇറാനും പാകിസ്ഥാന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല എന്നതിനാല്‍ തന്നെ പാകിസ്ഥാന്റെ നേതൃത്വത്തിലെ ചര്‍ച്ചകള്‍ നേരിട്ടോ അല്ലാതെയോ ആയിരിക്കുമോയെന്ന കാര്യവും വ്യക്തമല്ല.
Content Highlight: Pakistan says happy that Iran and US trust us; will host talks on Middle East conflict