മുംബൈ: കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ എത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിവ് സേന നേതാവ് ഉദ്ധവ് താക്കറെ. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും ഒരു കുറ്റം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.വി.എമ്മുകളില്‍ കൃത്രിമത്യം നടക്കുന്നുവെന്ന സംശയം ആളുകള്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്നും വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താതെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് താന്‍ ആവര്‍ത്തിക്കുന്നുവെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയില്‍ നടന്ന ശിവ് സേനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
‘നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷണറും നിയമപരയുമായി ശിക്ഷിക്കപ്പെടണം. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്.
ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്യും. എന്നിട്ട് കോടതിക്ക് മുമ്പാകെ ഹാജരാക്കും,’ ഉദ്ധവ് താക്കറെ പറഞ്ഞു.
ഇ.വി.എമ്മുകളെ കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഉപയോഗിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്?
വ്യാജന്‍മാര്‍ വോട്ടുകള്‍ ചെയ്ത് മടങ്ങുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്ക് വേണ്ടത് പോലെ ഫലങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാല്‍ നമ്മുക്ക് എതിരെ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.