ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ക്ലാഷ്; അഡ്വാന്‍സ് ബുക്കിങ്ങില്‍ വാര്‍ 2വിനെ വീഴ്ത്തുമോ കൂലി?
Indian Cinema
ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ക്ലാഷ്; അഡ്വാന്‍സ് ബുക്കിങ്ങില്‍ വാര്‍ 2വിനെ വീഴ്ത്തുമോ കൂലി?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 3:12 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിന് ഈ മാസം കളമൊരുങ്ങുകയാണ്. ബോളിവുഡിന്റെ സ്പൈ ത്രില്ലര്‍ വാര്‍ 2വിനൊപ്പം തമിഴ് ചിത്രം കൂലി ബോക്സ് ഓഫീസില്‍ മാറ്റുരക്കുമ്പോള്‍ ആവേശം വാനോളമാണ്. വന്‍ ബജറ്റിലെത്തുന്ന രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷില്‍ ആരാകും വിജയിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

ഇന്ത്യന്‍ സിനിമയിലെ വമ്പന്മാരായ യഷ് രാജ് ഫിലിംസാണ് വാര്‍ 2വിന്റെ നിര്‍മാതാക്കള്‍. റിലീസിന് മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്‌ക്രീനും യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. ഹൃതിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അയാന്‍ മുഖര്‍ജിയാണ്.

രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് രജിനികാന്തിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് കൂലി. അനൗണ്‍സ്മെന്റ് മുതല്‍ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും പ്രതീക്ഷ കൂട്ടുന്നത് തന്നെയായിരുന്നു. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ ഇനിയും നാല് ദിവസം ബാക്കിയുണ്ടെന്നിരിക്കെ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും സ്വന്തമാക്കുകയാണ് കൂലി. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതുവരെ അമ്പത് കോടിക്കുമുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ 2വിന്റെ അഡ്വാന്‍സ് ബുക്കിങ് തുടങ്ങുന്നതിനും മുമ്പ് തന്നെ കൂലിയുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ 2വിന്റെ അഡ്വാന്‍സ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ചിത്രത്തിന് പ്രീ സെയില്‍സിലൂടെ നേടാന്‍ കഴിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൂലിയുടെ ഹിന്ദി ഡബ്ബ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. എന്തുതന്നെയും ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ആര് കപ്പുയര്‍ത്തുമെന്ന് കാത്തിരുന്ന് കാണാം.

Content Highlight: Will Coolie beat War 2 in advance booking?