ക്രിസ്തുമസിന് കേക്കുമായി അരമനയിലേക്ക് വരും, അത് കഴിഞ്ഞ്‌ അപ്പുറത്ത് പോയി കേസ് കൊടുക്കും: കെ. മുരളീധരന്‍
attack against christians
ക്രിസ്തുമസിന് കേക്കുമായി അരമനയിലേക്ക് വരും, അത് കഴിഞ്ഞ്‌ അപ്പുറത്ത് പോയി കേസ് കൊടുക്കും: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 9:46 pm

കൊച്ചി: ചത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍. കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമെ ബി.ജെ.പിക്ക് താത്പര്യമുള്ളുവെന്നും അത് വോട്ടിന് വേണ്ടിയിട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കേരളത്തിന് പുറത്ത് മുസ്‌ലിം സമുദായത്തിനോട് എങ്ങനെയാണോ ഇന്ത്യയില്‍ അവര്‍ മൊത്തത്തില്‍ പ്രവര്‍ത്തിക്കുന്നത് അതേരീതിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോട് കാണിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതിന്റെ ഭാഗമായിട്ടുള്ളവയാണ് ഇന്നലെയുണ്ടായ സംഭവങ്ങള്‍. കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് പറഞ്ഞ് അറസ്റ്റ് ചെയ്യുകയും അറസ്റ്റിന് ശേഷം അധികമായി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കേസ് ഫയല്‍ ചെയ്തു. അതിന്റെ അര്‍ത്ഥം ഛത്തീസ്ഗഢ് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നാണ്.

ഇക്കാര്യം അദ്ദേഹം ഇന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പിക്കാരന്‍ ആകെ നെട്ടോട്ടം ഓടുകയാണ്. അവിടെ ചെന്നാല്‍ അവിടുത്തെ മുഖ്യമന്ത്രി പറയുന്നത് ഞങ്ങള്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നാണ്.

കേരളത്തിലെ ബി.ജെ.പിക്കാര്‍ ത്രിശങ്കു സ്വഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഇവരുടെ നയമാണ്. ഇതില്‍ നിന്ന് മനസിലാക്കേണ്ടത് ഒരു കാര്യമാണ്. ക്രിസ്തുമസിന് കേക്കുമായി അരമനയിലേക്ക് വരും. അത് കഴിഞ്ഞാല്‍ അപ്പുറത്ത് പോയി കേസ് ഫയല്‍ ചെയ്യും. അതാണ് ഇവിടുത്തെ അവസ്ഥ. അതിനാല്‍ അത് മനസിലാക്കി മതമേലധ്യക്ഷന്മാര്‍ ശക്തമായ നിലപാട് എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ കോടതി തള്ളി. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം ലഭിക്കുന്നതിനായി ഇരുവരുംഅടുത്ത ദിവസം തന്നെ വീണ്ടും സെഷന്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം. നിലവില്‍ രണ്ട് പേരും ജയിലില്‍ തുടരുകയാണ്.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ഛത്തീസ്ഗഡില്‍ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്.

ജയിലില്‍ തുടരുന്ന കന്യാസ്ത്രീകളെ ഇന്ന് യു.ഡി.എഫ് അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ലോക്സഭാ എം.പിമാരായ ബെന്നി ബെഹ്നാന്‍, പ്രേമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെത്തിയത്. മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് അടങ്ങുന്ന ഇടത് സംഘവും ജയിലിലെത്തിയെങ്കിലും ഇടത് എം.പിമാരുടേയും നേതാക്കളുടേയും സംഘത്തിന് അനുമതി നിഷേധിച്ചു.

ജയിലിലെ സന്ദര്‍ശക സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദുര്‍ഗ് ജയിലിലെ അധികൃതര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് സന്ദര്‍ശനം നാളേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: Will come to the palace with cake for Christmas, after that will go beyond and file a case: K. Muraleedharan